
മിന്നൽ മുരളിക്ക് മുന്നേ അങ്ങനെയൊരു സിനിമ ദക്ഷിണേന്ത്യയിൽ ആദ്യം ചെയ്യാൻ തനിക്ക് സാധിക്കാത്തതിൽ ദുഖമുണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ വിഷ്ണു വിശാൽ. കൂടാതെ ‘ലോക’ പോലുള്ള സിനിമകൾ മലയാള സിനിമയിൽ വീണ്ടും വീണ്ടും വരുമ്പോഴും തനിക്കതിൽ പങ്കാളിയാകാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആര്യൻ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഒരു സൂപ്പർഹീറോ കഥാപാത്രം ചെയ്യുക എന്നതാണ്. പക്ഷേ മിന്നൽ മുരളിയിലൂടെ അത് സംഭവിച്ചു. ആ സിനിമ ഇറങ്ങിയതിനുശേഷം ഞാൻ ബേസിലിനെയും ടൊവിനോയേയും വിളിച്ച് സംസാരിച്ചിരുന്നു. ഞാൻ വളരെ സന്തോഷത്തിലാണെന്നും അതേസമയം കുറച്ച് ദുഃഖവും ഉണ്ടെന്നും അവരോടുപറഞ്ഞു. കാരണം അങ്ങനെയൊരു സിനിമ ദക്ഷിണേന്ത്യയിൽ ആദ്യം ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ഇപ്പോൾ ‘ലോക’ പോലുള്ള സിനിമകൾ മലയാള സിനിമയിൽ വീണ്ടും വീണ്ടും വരുന്നു. എന്നാൽ എനിക്ക് അതിൽ പങ്കാളിയാകാൻ കഴിയുന്നില്ല. എങ്കിലും, ഇത്തരമൊരു മികച്ച പ്രോജക്ടിന് പിന്തുണ നൽകുന്ന ദുൽഖറിനെ അഭിനന്ദിക്കുന്നു.” വിഷ്ണു വിശാൽ പറഞ്ഞു.
“ഞാൻ ഒരുപാട് മലയാളം സിനിമകൾ കാണുന്ന ഒരു വ്യക്തിയാണ്. RDX ഒരു ഗംഭീര ആക്ഷൻ ചിത്രമായിരുന്നു. പിന്നെ ഫഹദിൻ്റെ ആവേശം, ബേസിൽ ജോസഫിന്റെ ഫാലിമി, സൂക്ഷ്മദർശിനി, കൂടാതെ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് കണ്ടിരുന്നു. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എന്റെ ഈ പടത്തിൽ കുറച്ച് രംഗങ്ങൾ ചെയ്തിട്ടുണ്ട്. ടൊവിനോയുടെ ARM, ഗുരുവായൂർ അമ്പലനടയിൽ, ജയ ജയ ജയ ജയ ഹേ എന്നീ സിനിമകളും കണ്ടിട്ടുണ്ട്”. വിഷ്ണു വിശാൽ കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് ആണ് ‘ആര്യൻ’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ആര്യനിലൂടെ വിഷ്ണു വിശാല്‍ വീണ്ടും പൊലീസ് ഓഫീസറായി എത്തുകയാണ്. നവാഗതനായ പ്രവീണ്‍ കെയാണ് സംവിധാനം. ശ്രദ്ധ ശ്രീനാഥ്, വാണി ഭോജനും ശെല്‍വരാഘവനും ‘ആര്യനി’ല്‍ വിഷ്ണു വിശാലിന് ഒപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിഷ്ണു സുഭാഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സാം സി എസ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘ആര്യൻ’ ഒക്ടോബര്‍ 31ന് ആയിരിക്കും തിയറ്ററുകളില്‍ എത്തുക.
ഗാട്ട കുസ്തി’ എന്ന ചിത്രം വിഷ്ണു വിശാലില്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയത് വൻ വിജയമായി മാറിയിരുന്നു. ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങിയ സ്പോര്‍ട്സ് ഡ്രാമയായിരുന്നു. ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ ചിത്രത്തിന്റെ ഛായാഗ്രാഹണം റിച്ചാര്‍ഡ് എം നാഥൻ ആണ് നിര്‍വഹിച്ചിരുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിനും രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ട്.