‘വൈറസ്’ ടീമിന് ആശംസയുമായി ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍

കേരളത്തില്‍ നടന്ന നിപ്പാ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക്ക് അബു ഒരുക്കുന്ന ചിത്രമാണ് ‘വൈറസ്’. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന് ആശംസയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്താന്‍. നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് താന്‍ കോഴിക്കോട് ഉണ്ടായിരുന്നു എന്നും അത് ഏറെ പേടിപ്പെടുത്തുന്നതായിരുന്നുവെന്നും ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു. സ്വാര്‍ത്ഥതയില്ലാത്ത ഒരുപാട് പേരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന വൈറസ് ടീമിന് ആശംസയും ഇര്‍ഫാന്‍ പത്താന്‍ നേര്‍ന്നു.

റിമാ കല്ലിങ്കല്‍, രേവതി, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, പാര്‍വതി, രമ്യ നമ്പീശന്‍, റഹ്മാന്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മഡോണ, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്നു. എഡിറ്റര്‍ സൈജു ശ്രീധരനാണ്. ജൂണ്‍ ഏഴിന് വൈറസ് തിയേറ്ററുകളിലെത്തും.