സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിച്ച് നവാഗത സംവിധായിക.. അഭിനന്ദനവുമായി നടന്‍ അജു വര്‍ഗീസ്..

ഹാസ്യ താരം ദിനേഷ് പ്രഭാകര്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ‘പ്രകാശന്റെ മെട്രോ’ ഇന്ന് തിയേറ്ററിലെത്തിയ വേളയില്‍ സിനിമയുടെ സംവിധായിക ഹസീന സുനീര്‍ മതിലുകളില്‍ പോസ്റ്ററൊട്ടിക്കുകയാണ്. സംവിധായിക ഹസീന സുനീര്‍ പോസ്റ്ററൊട്ടിക്കുന്നതായ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി എത്തിയിരിക്കുന്നത്. നടന്‍ അജു വര്‍ഗീസ് തന്നെ ഈ ചിത്രം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പങ്കുവെച്ചതോടെ ഹസീനക്കും മുഴുവന്‍ പിന്നണി പ്രവര്‍ത്തകര്‍ക്കും നിരവധി പേരാണ് അഭിനന്ദനങ്ങളുമായെത്തിയിരിക്കുന്നത്. ഹസീനക്കും അണിയറപ്രവര്‍ത്തകര്‍ക്കും അജുവും ആശംസകള്‍ നേര്‍ന്നു.

ദിനേഷ് പ്രഭാകര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന പ്രകാശന്റെ മെട്രോ റോഡ് മൂവി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. ഓട്ടോ ഡ്രൈവറായ പ്രകാശനായാണ് ദിനേഷ് എത്തുന്നത്. അനഘ ജാനകിയാണ് നായിക.

നേരത്തെ സെന്‍സ് എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തതും ഹസീന തന്നെയായിരുന്നു. കായംകുളം നൂറനാട് സ്വദേശിനിയാണ്. മിത്രന്‍ ആണ് തിരക്കഥ. മെയ് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്.