താരപുത്രനും താര പുത്രിക്കുമൊപ്പം വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’

നിര്‍മ്മാതാവും സംവിധായകനും അഭിനേതാവും ഗായകനുമൊക്കെയായി മലയാളി പ്രേക്ഷകരെ തന്റെ ഓരോ ചിത്രങ്ങളിലൂടെയും അതിശയിപ്പിക്കുകയാണ് വിനീത് ശ്രീനിവാസന്‍. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത് വിനീത് അവസാനം നിര്‍മ്മിച്ച ഹെലന്‍ എന്ന ചിത്രവും മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നേടിയത്. ഇപ്പോള്‍ താരപുത്രന്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനുമൊപ്പം പുതിയ ചിത്രത്തിനൊരുങ്ങുകയാണ് വിനീത്. ഹൃദയം എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും വിനീത് തന്നെയാണ് നിര്‍വഹിക്കുന്നത്. മേരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വൈശാക് സുബ്രഹ്മണ്യനും നോബിള്‍ ബാബു തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ യുവതാരം ദര്‍ശന രാജേന്ദ്രനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തന്റെ ഔദ്യോഗിക പേജിലൂടെയായിരുന്നു താരം ഇന്നലെ പ്രഖ്യാപനം നടത്തിയത്.

മേരിലാന്‍ഡ് സിനിമാസ് നാല്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വതന്ത്രമായി നിര്‍മിക്കുന്ന ചിത്രം കൂടിയായി മാറുകയാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ഹെലനിലെ നായകനും തിരക്കഥാകൃത്തുമായ നോബിള്‍ ബാബു തോമസ് ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ്. പ്രണവിന്റെ അടുത്ത ചിത്രം വിനീതിന്റെ കൂടെ ആയിരിക്കുമെന്ന് ഏറെ ഊഹാപോഹങ്ങള്‍ നേരത്തെ തന്നെ വന്നിരുന്നു. ഇപ്പോള്‍ ഈ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റിലൂടെ എല്ലാ ഊഹാപോഹങ്ങള്‍ക്കും ഒരു അവസനമായിരിക്കുകയാണ്. അടുത്ത വര്‍ഷം ഓണത്തിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.