പടവെട്ടാന്‍ സണ്ണിവെയ്‌നും ടീമും..!

സണ്ണിവെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ‘പടവെട്ട്’ ചിത്രീകരണമാരംഭിച്ചു. കണ്ണൂര്‍ കഞ്ഞിലേരി എല്‍ പി സ്‌കൂളില്‍ വെച്ച നടന്ന ചടങ്ങില്‍ നിവിന്‍ പോളി, നിര്‍മ്മാതാവ് സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, സുഭീഷ് സുധി എന്നീ താരങ്ങള്‍ പങ്കെടുത്തു. ചിത്രത്തിന്റെ ആദ്യ അനൗണ്‍സ്‌മെന്റെ തൊട്ട് ഏറെ സ്വീകരിക്കപ്പെട്ട ചിത്രമാണ് പടവെട്ട്. തട്ടത്തിന്‍മറയത്ത്, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിനും സണ്ണിയും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഇരുവരുടെയും ആരാധകര്‍ ഏറെ ആവേശത്തോടെയായിരുന്നു സ്വീകരിച്ചിരുന്നത്.

തമിഴ് ചിത്രം അരുവിയിലൂടെ ശ്രദ്ധ നേടിയ അതിഥി ബാലന്‍, ചിത്രത്തിലൂടെ ആദ്യമായി മലയാള അരങ്ങേറ്റം കുറിക്കുകയാണ്. അരുവിയുടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരം വീണ്ടും വെള്ളിത്തിരയിലെത്തുമ്പോള്‍ ഏറെ പ്രതീക്ഷകളാണ് പടവെട്ടിലെ താരത്തിന്റെ റോളിന്. ചിത്രത്തില്‍ നിവിന്‍ പോളിയും ഇതുവരെ കാണാത്തൊരു ഗെറ്റപ്പിലാണെത്തുന്നത് സംവിധായകന്‍ ലിജു കൃഷ്ണ നേരത്തെ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ നാടകം മോമെന്റ്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് സംവിധായകനാണ് ലിജു കൃഷ്ണ. നിരവധി ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ച നാടകം ഇതിനോടകം ചര്‍ച്ചയായിരുന്നു.