ഹൃദയത്തിനായി പൃഥ്വിരാജിന്റെ പാട്ട്

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ഹൃദയത്തിനായി ഗാനം ആലപിച്ച് പൃഥ്വിരാജ്. വിനീത് ശ്രീനിവാസന്‍ തന്നെയാണ് പൃഥ്വിരാജ് പാടുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘ഹൃദയത്തിനായി റെക്കോര്‍ഡിംഗ് വോക്കല്‍. ഇപ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി ആരാണ് പാടുന്നതെന്ന് ഊഹിക്കുക’ എന്ന കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഹൃദയത്തിന് വേണ്ടി ഇസ്തംബുളിലെ സംഗീതജ്ഞര്‍ക്കൊപ്പം ലൈവ് റെക്കോര്‍ഡിംഗ് നടത്തുന്ന ചിത്രം അടുത്തിടെ വിനീത് പങ്കുവെച്ചിരുന്നു. മ്യൂസിക് പ്രൊഡക്ഷനാണ് പുരോഗമിക്കുന്നത്. പാട്ടുകള്‍ ഒരുക്കിയ ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിംഗിലേക്ക് കടക്കുന്നതെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.