സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ സഹനടന്റെ പെരുമാറ്റത്തിനെതിരെ പ്രതികരണവുമായി നടി വിൻ സി.അലോഷ്യസ് ലഹരി ഉപയോഗിക്കുന്നവരുമായി ഇനി അഭിനയിക്കില്ലെന്ന പ്രഖ്യാപനത്തെ തുടർന്നുള്ള സംസാരത്തിലാണ് അനുഭവം താരം വിശദീകരിച്ചത്.
“ഞാൻ പറഞ്ഞത് എന്റെ അനുഭവം മൂലമുള്ള വ്യക്തിപരമായ തീരുമാനമാണ്. കുറച്ചുദിവസങ്ങൾക്ക് മുൻപ് ലഹരി വിരുദ്ധ ക്യാംപെയ്‌നിൽ പങ്കെടുക്കുമ്പോഴാണ് ഈ നിലപാട് വ്യക്തമാക്കിയത്. പിന്നീട് അതു മാധ്യമങ്ങളിൽ വാർത്തയായപ്പോൾ നിരവധി കമന്റുകൾ വന്നു. അതാണ് കൂടുതല്‍ വിശദീകരണം നൽകാൻ എന്നെ പ്രേരിപ്പിച്ചത്,” വിൻസി പറഞ്ഞു. ഒരു സിനിമയിൽ അഭിനയിക്കുന്നതിനിടെയുണ്ടായ ദുരനുഭവമാണ് വിൻസി പങ്കുവച്ചത്. പ്രധാന കഥാപാത്രമായി അഭിനയിച്ച നടൻ ലഹരി ഉപയോഗിച്ച്, എല്ലാവരുടേയും മുന്നിൽ അപമാനകരമായ രീതിയിൽ പെരുമാറിയെന്നും, തന്റെ ഡ്രസ്സിൽ പ്രശ്നം വന്നപ്പോൾ ‘ഞാൻ റെഡിയാക്കിത്തരാം’ എന്നപോലെ അശ്ലീലമായ രീതിയിൽ പ്രതികരിച്ചതും വിൻസി വെളിപ്പെടുത്തി.
“അയാളുമായി ഒരുമിച്ച് ജോലി ചെയ്യുന്നത് വെറും ബുദ്ധിമുട്ടല്ല, ആഴത്തിൽ അസ്വസ്ഥതയും ഭീതിയുമാണ് ഉണ്ടാക്കിയതെന്ന് പറയുന്നു. പിന്നീട് ഒരു സീനിന്റെ പ്രാക്ടീസിനിടെ അതീവ സംശയകരമായ രീതിയിൽ വെളുത്ത പൊടി തുപ്പുന്നത് കണ്ടു. അത് ലഹരി ഉപയോഗം ആണെന്ന് വ്യക്തമായിരുന്നു,” വിൻസി പറഞ്ഞു. സംഭവം സംവിധായകനും സെറ്റിലുണ്ടായിരുന്നവർക്കും അറിയാമായിരുന്നുവെന്നും, സിനിമയുടെ പ്രവൃത്തികൾ നിർത്താതെ മുന്നോട്ടുപോകാൻ എല്ലാ സഹായവും ലഭിച്ചതായും അവര്‍ വ്യക്തമാക്കി. “സിനിമ തീർത്തത് നല്ലത് തന്നെയായിരുന്നു. പക്ഷേ ആ വ്യക്തിയിൽ നിന്നുള്ള അനുഭവം അതിലുമപ്പുറമാണെന്നു പറയണം,” നടി പറഞ്ഞു.
അവസാനമായി, സിനിമ ഉണ്ടായാലും ഇല്ലാതായാലും താനാണ് അത് നേരിടേണ്ടതെന്ന് വിൻസി വ്യക്തമാക്കി. “സിനിമ എന്റെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. അതിൽ ലഹരി ഉപയോഗിക്കുന്നവർക്കായി സഹിക്കേണ്ട ആവശ്യം എനിക്കില്ല. എന്റെ ആത്മസംയമനം എനിക്ക് അറിയാം. അതുകൊണ്ടാണ് ഈ നിലപാട് എടുത്തത്,” എന്ന് വിൻസി വ്യക്തമാക്കി. വിൻസിയുടെ പ്രതികരണത്തിന് സോഷ്യൽ മീഡിയയിൽ ഒരുപോലെ പിന്തുണയും വിമർശനവും ലഭിക്കുന്നുണ്ട്.