“കൊച്ചു കുട്ടികൾ പോലും ഇമാജിൻ ചെയ്യുന്നുണ്ട്, അതൊരു ഭാഗ്യമാണ്”; മണിച്ചിത്രത്താഴിനെ കുറിച്ച് വിനയ പ്രസാദ്

','

' ); } ?>

‘മണിച്ചിത്രത്താഴ്’ സിനിമയിൽ അഭിനയിക്കാൻ സാധിച്ചത് തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണെന്ന് നടി വിനയ പ്രസാദ്. ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുന്നതിനെക്കുറിച്ച് താൻ ഇതുവരെ ചിന്തിച്ചിട്ടില്ലെങ്കിലും, ആ സിനിമയെച്ചൊല്ലി പ്രേക്ഷകർക്കിടയിൽ ഇപ്പോഴും നടക്കുന്ന ചർച്ചകളും സങ്കൽപ്പങ്ങളും കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘മധുരമീ ജീവിത’ത്തിന്റെ പ്രചാരണാർത്ഥം സ്കൈലാർക്ക് പിക്ചേഴ്സ് എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിലാണ് വിനയ പ്രസാദ് മനസ്സ് തുറന്നത്.

“മണിച്ചിത്രത്താഴ് 2′ വിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. പക്ഷേ പലരും രണ്ടാം ഭാ​ഗത്തേക്കുറിച്ച് പല കഥകളും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. ഇങ്ങനെയായിരിക്കാം, അങ്ങനെയായിരിക്കാം.. അങ്ങനെ പല ഭാവനകളും കേട്ടിട്ടുണ്ട്. കൊച്ചു കുട്ടികൾ പോലും ഇമാജിൻ ചെയ്യുന്നുണ്ട്. ഇപ്പോൾ റിയാലിറ്റി ഷോകളിൽ പോലും പല തരത്തിലുള്ള ഇംപ്രവൈസേഷനാണ് രണ്ടാം ഭാ​ഗത്തെക്കുറിച്ച് വന്നിരിക്കുന്നത്. സ്കിറ്റ് ഉണ്ട്, സ്പൂഫ് ഉണ്ട്, റീൽസ് ഉണ്ട്… അങ്ങനെ എന്തൊക്കെയാണുള്ളത്. അതൊരു ഭാ​ഗ്യമല്ലേ. അതുപോലെയൊരു പടത്തിൽ അവസരം കിട്ടിയത് ഭയങ്കര വലിയ ഭാ​ഗ്യമാണ്”. – വിനയ പ്രസാദ് പറഞ്ഞു.

1993-ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി മലയാള സിനിമാചരിത്രത്തിൽ ഇടംനേടിയ ചിത്രത്തിൽ ‘ശ്രീദേവി’ എന്ന ശ്രദ്ധേയമായ കഥാപാത്രത്തെയായിരുന്നു വിനയ പ്രസാദ് അവതരിപ്പിച്ചിരുന്നത്.

കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ‘മധുരമീ ജീവിതം’ എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് വിനയ പ്രസാദ്. സിദ്ദിഖ്, ഗായത്രി സുരേഷ്, പൂജിത മേനോൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ഫാമിലി ഡ്രാമ ചിത്രം ഓഗസ്റ്റ് 14-നാണ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.