
പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യൻ നടി ദുഷാര വിജയൻ. തന്റെ പുതിയ ചിത്രമായ ‘ജിഡിഎൻ’-ന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം രണ്ടു വർഷമായി തുടരുന്ന പ്രണയബന്ധത്തെക്കുറിച്ച് സംസാരിച്ചത്. ദുബായിൽ നടന്ന ഒരു ചടങ്ങിനിടെ പിതാവിന്റെ സുഹൃത്ത് വഴിയാണ് പങ്കാളിയെ ആദ്യമായി പരിചയപ്പെടുന്നതെന്ന് ദുഷാര പറഞ്ഞു. യാത്രകളോടും ഇളയരാജയുടെ സംഗീതത്തോടുമുള്ള ഇരുപരുടെയും ഇഷ്ടമാണ് തങ്ങളെ കൂടുതൽ അടുപ്പിച്ചത്. പരസ്പര ബഹുമാനത്തിനും വിശ്വാസത്തിനും പ്രാധാന്യം നൽകുന്ന ഈ ബന്ധത്തിൽ താൻ വളരെ സന്തോഷവതിയാണെന്നും കരിയറിൽ വലിയ പിന്തുണ നൽകുന്ന വ്യക്തിയാണ് പങ്കാളിയെന്നും നടി വ്യക്തമാക്കി.
സിനിമയിലേക്കുള്ള തൻറെ കഠിനാധ്വാനം അറിയാവുന്നതിനാൽ വീട്ടുകാരും വിവാഹത്തിനായി നിർബന്ധിക്കുന്നില്ല. അതുകൊണ്ടുതന്നെ നിലവിൽ വിവാഹത്തെക്കുറിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ താരം, മുൻപും തനിക്കൊരു പ്രണയബന്ധം ഉണ്ടായിരുന്നുവെന്നും തുറന്നുപറഞ്ഞു.
ദുഷാരയുടെ വാക്കുകൾ;
“ഞാനിപ്പോൾ പ്രണയത്തിലാണ്. എനിക്കൊരുപാട് കാര്യങ്ങളൊന്നും അതേക്കുറിച്ച് പറയാനാകില്ല. ആ റിലേഷൻഷിപ്പിൽ ഞാൻ വളരെ ഹാപ്പിയാണ്. ജീവിതം വളരെ നന്നായി പോകുന്നു. ഇപ്പോൾ ഞങ്ങൾ റിലേഷനിലായിട്ട് രണ്ട് വർഷമായി. കല്യാണം എന്നായിരിക്കും എന്നതിനെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ല.
എന്റെ അച്ഛനും അമ്മയ്ക്കും അറിയാം, ഞാൻ വളരെ കഷ്ടപ്പെട്ടാണ് സിനിമയിലേക്ക് വന്നതെന്ന്. അതുകൊണ്ട് തന്നെ കല്യാണത്തിന്റെ കാര്യം പറഞ്ഞ് അവർ എന്നെ നിർബന്ധിക്കാറില്ല. അവർക്കറിയാം. എന്റെ പാട്ണറും എന്റെ കരിയറിനെ വളരെയധികം സപ്പോർട്ട് ചെയ്യുന്നയാളാണ്. ഞാൻ അവിടെ എത്തുന്നതിനു മുൻപ് അദ്ദേഹം അവിടെ ഉണ്ടാകും. അങ്ങനെയുള്ള ഒരാളാണ്.
അങ്ങനെയൊരാളെ കിട്ടിയതിൽ ഞാൻ ഹാപ്പിയാണ്, നന്ദിയുള്ളവളാണ്. ഞാനൊരു കുട്ടിയെപ്പോലെയാണ്. ഞാൻ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തെ ആശ്രയിച്ച് നിൽക്കുന്ന ഒരാളാണ്. എന്റെ കയ്യിൽ ഒരു 1000 രൂപയുണ്ടെങ്കിൽ ഞാൻ സ്നേഹിക്കുന്നവർക്ക് ഞാനത് കൊടുക്കും. എന്റെ സ്നേഹം അങ്ങനെയാണ്. ഞാൻ കൊടുക്കുന്ന അതേ ബഹുമാനം എനിക്ക് തിരിച്ചു കിട്ടണമെന്ന് ഞാൻ പ്രതീക്ഷിക്കാറുണ്ട്. അതു മാത്രമേ ഞാൻ നോക്കാറുള്ളൂ.
ബഹുമാനം, വിശ്വാസം ഇതെല്ലാമുണ്ട്. എനിക്ക് യാത്ര ഇഷ്ടമാണ്. പാട്ണറിനും യാത്ര ചെയ്യാൻ ഇഷ്ടമാണ്. ദുബൈയിൽ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് ഞങ്ങൾ തമ്മിൽ ആദ്യമായി കണ്ടത്. എന്റെ അച്ഛന്റെ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടത്. ഞങ്ങളൊന്നിച്ച് കാറിൽ യാത്ര ചെയ്യുമ്പോൾ ഇളയരാജയുടെ പാട്ട് കാറിൽ പ്ലേ ചെയ്തു.
എനിക്ക് ഇഷ്ടപ്പെട്ട് പാട്ടാണല്ലോ എന്നോർത്ത് ഞാൻ പെട്ടെന്ന് ഞെട്ടി. ഞങ്ങളെ തമ്മിൽ ബന്ധിപ്പിച്ച ആദ്യത്തെ ഘടകം ഇളയരാജയാണെന്ന് എനിക്ക് തോന്നുന്നു. ഇതിന് മുൻപും എനിക്കൊരു റിലേഷൻഷിപ്പ് ഉണ്ടായിരുന്നു.”