“പൊലീസാകാന്‍ മാത്യുവിന് പേടിയായിരുന്നു, പക്ഷേ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്”; വിജയരാഘവൻ

','

' ); } ?>

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയിലെ മാത്യു തോമസിന്റെ പൊലീസ് വേഷം പിറന്ന വഴിയും യുവതാരത്തിന്റെ ആശങ്കകളും വെളിപ്പെടുത്തി നടൻ വിജയരാഘവൻ. ആദ്യമായി പൊലീസായി എത്തുന്ന മാത്യുവിന് താൻ നന്നാകുമോ എന്ന ഭയമുണ്ടായിരുന്നുവെന്നും എന്നാൽ സ്‌ക്രീനിൽ ആ വേഷം അവൻ ഗംഭീരമാക്കിയെന്നും വിജയരാഘവൻ പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വീട്ടിലെ കൊഞ്ചലിൽ വളർന്നതുകൊണ്ട് താൻ ഇപ്പോഴും കൊച്ചുപയ്യനാണെന്നാണ് മാത്യുവിന്റെ വിചാരമെന്ന് വിജയരാഘവൻ പറഞ്ഞു. പൊലീസ് വേഷത്തിലേക്ക് വിളിച്ചപ്പോൾ ‘ഞാനിത് ചെയ്താൽ നന്നാകുമോ’ എന്ന സംശയമായിരുന്നു അവന്. എന്നാൽ ഡബ്ബിങ് കണ്ടപ്പോൾ ആ വേഷം അവൻ അസ്സലായി ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി. ഒരു നടൻ എന്ന നിലയിൽ ഓരോ കഥാപാത്രത്തെയോർത്ത് എപ്പോഴും ചെറിയ ഭയവും ജാഗ്രതയും ഉണ്ടാകണമെന്നും അതെല്ലാം സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർവതി നായികയായെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും വലിയ കയ്യടിയാണ് ലഭിക്കുന്നത്. മാത്യുവിനൊപ്പം വിജയരാഘവൻ, ഉണ്ണിമായ പ്രസാദ്, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് എന്നിവരുടെ പ്രകടനങ്ങളും സിനിമയെ ശക്തമാക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ പി.എസ്. സുബ്രമണ്യനും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ഒരുക്കിയത്. മുജീബ് മജീദ് സംഗീതവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

വിജയരാഘവന്റെ വാക്കുകൾ;

‘മാത്യുവിന് ഭയങ്കര സംശയങ്ങളാണ്…പൊലീസാകാന്‍ മാത്യുവിന് പേടിയായിരുന്നു. അസ്സലായി തന്നെ പൊലീസ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് അവന്‍ പൊലീസായി അഭിനയിക്കുന്നത്. അവന്റെ വിചാരം ഇപ്പോഴും കൊച്ചുപയ്യനാണെന്നാണ്. വീട്ടിലൊക്കെ കൊഞ്ചിച്ച് വളര്‍ത്തിയതിന്റെ കുഴപ്പമാണത്. അതുകൊണ്ട് ഞാന്‍ പൊലീസായാല്‍ നന്നാകുമോ എന്നൊരു ഭയം വന്നതാണ്. പക്ഷേ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. ഡബ്ബിങ്ങിന് ഞാന്‍ കണ്ടപ്പോള്‍ നന്നായിട്ടുണ്ട്.

പൊലീസിലേക്ക് ആദ്യമായി കയറുന്ന ചെറുപ്പക്കാരന്റെ ക്യാരക്ടറാണ് അവൻ ചെയ്തത്. ഷഹദ് ആദ്യം വിളിച്ച് ഈ ക്യാരക്ടര്‍ പറഞ്ഞപ്പോള്‍ അയ്യോ ഞാനിത് ചെയ്താല്‍ നന്നാകുമോ എന്ന സംശയമായിരുന്നു അവന്. അതേസമയം ജീവിതത്തില്‍ നടന്‍ എന്ന നിലയില്‍ എന്നും പേടി വേണം. ഓരോ ക്യാരക്ടേഴ്‌സ് ചെയ്യുമ്പോഴും അതിനോടുള്ള ഒരു ഭയം വേണമല്ലോ, എന്നാലേ നമ്മള്‍ നന്നാവുകയുള്ളൂ. എല്ലാം തികഞ്ഞവനാണെന്ന് വിചാരിച്ചിരുന്നിട്ട് കാര്യമില്ല. എനിക്കിപ്പോഴും പേടിയുണ്ട്.’

അതേസമയം, തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ചിത്രത്തിലെ ഓരോ പെർഫോമൻസുകൾക്കും വലിയ കയ്യടിയാണ് ഉയരുന്നത്.