പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു

നടിയും സംവിധായികയുമായ വിജയ നിര്‍മ്മല (73 വയസ്) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ കോണ്‍ഡിനന്റല്‍ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വനിത എന്ന പേരില്‍ ഗിന്നസ് റെക്കോഡില്‍ ഇടം നേടിയിട്ടുണ്ട് വിജയ നിര്‍മ്മല.

വ്യത്യസ്ത ഭാഷകളിലായി 44 സിനിമകളാണ് ഇവര്‍ സംവിധാനം ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി 200 സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. മലയാള സിനിമയിലെ ആദ്യ വനിതാ സംവിധായിക കൂടിയാണ് നിര്‍മ്മല. ശിവാജി ഗണേശനെ നായകനാക്കി സിനിമയെടുത്ത രണ്ട് വനിതാ സംവിധായകരില്‍ ഒരാളായിരുന്നു വിജയ നിര്‍മ്മല. 1957ല്‍ തെലുങ്കു സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചു.

എ.വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. റോസി, കല്യാണ രാത്രിയില്‍, പോസ്റ്റുമാനെ കാണാനില്ല, ഉദ്യോഗസ്ഥ, നിശാഗന്ധി, പൊന്നാപുരം കോട്ട, കവിത, ദുര്‍ഗ, കേളനും കളക്ടറും തുടങ്ങി മലയാളത്തില്‍ 25 ചിത്രങ്ങളിലാണ് നിര്‍മ്മല അഭിനയിച്ചത്.

1971 ല്‍ മീന എന്ന ചിത്രമായിരുന്നു വിജയ നിര്‍മ്മല ആദ്യമായി സംവിധാനം ചെയ്യുന്നത്. പിന്നീട് ഐവി ശശിയുടെ സഹായത്തോടെ കവിത എന്ന ചിത്രം പുറത്തിറങ്ങി. അടൂര്‍ ഭാസി, വിന്‍സന്റ്, തിക്കുറിശ്ശി, മീന, ഫിലോമിന, കവിയൂര്‍ പൊന്നമ്മ എന്നിവരായിരുന്നു അതിലെ അഭിനേതാക്കള്‍. 2009ല്‍ പുറത്തിറങ്ങിയ നേരമു ശിക്ഷയാണ് അവസാനമായി സംവിധാനം ചെയ്ത സിനിമ. വിജയ കൃഷ്ണ മൂവീസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് രൂപീകരിച്ച് 15 സിനിമകളും നിര്‍മ്മിച്ചിട്ടുണ്ട്.