‘തണ്ണീര്‍ മത്തന്‍ ദിനങ്ങളുമായി’ കുമ്പളങ്ങിയിലെ മാത്യൂസ് വീണ്ടും സ്‌ക്രീനിലേക്ക്.. ഇത്തവണ വിനീത് ശ്രീനിവാസനൊപ്പം..

ഇന്ന് രാവിലെ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയുമായാണ് നടന്‍ വിനീത് ശ്രീനിവാസന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ലൈവിലെത്തിയത്. തന്റെ സുഹൃത്തും ഛായാഗ്രഹകനുമായ ജോമോന്‍ ടി ജോണ്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നുണ്ടെന്നും സമയത്തിന്റെ കുറവ് മൂലം പ്രമോഷന്‍ പരിപാടികളൊന്നും നടത്താന്‍ സാധിച്ചില്ലെന്നുമാണ് വിനീത് വീഡിയോയിലൂടെ പറഞ്ഞത്. എന്നാല്‍ പ്രേക്ഷകരെ വിനീത് ഞെട്ടിക്കാന്‍ പോവുകയാണെന്ന് പിന്നീടാണ് ലൈവ് വീഡിയോ കണ്ടവര്‍ക്ക് മനസ്സിലായത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററിന് പകരം ആദ്യ ട്രെയ്‌ലര്‍ തന്നെ ഇന്ന് വൈകുന്നേരത്തോടെ പുറത്ത് വിടുകയാണെന്നും ഒപ്പം കുമ്പളങ്ങി താരം മാത്യൂസിന്റെ കണ്ണിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നെന്നുമാണ് വിനീത് പിന്നീട് പറഞ്ഞത്. വാക്കു പാലിച്ചുകൊണ്ട് ടൊവീനോയുടെ പേജിലൂടെ ചിത്രത്തിന്റെ ട്രെയ്‌ലറും ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രേക്ഷകരുടെ ഫ്രാങ്കി എന്ന മാത്യൂസും വിനീതും വിദ്യാര്‍ത്ഥിയും അധ്യാപകനുമായി എത്തുന്ന ചിത്രത്തിന്റെ ഒരു കിടിലന്‍ ട്രെയ്‌ലറാണ് ടൊവീനോ തന്റെ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന പേരോടെ ഒരുപാട് തമാശകളും നല്ല നിമിഷങ്ങളും സമ്മാനിക്കുന്ന ഒരു ചിത്രമാണ് ഇരുവരും സമ്മാനിക്കാനിരിക്കുന്നത് എന്നാണ് ട്രെയ്‌ലര്‍ പറയുന്നത്.

നവാഗത സംവിധായകനായ ഗിരീഷ് എ ഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗിരീഷും ഡിനോയ് പൗലോസും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തയ്യാറാക്കിയിരിക്കുന്നത്. നവാഗതയായ അനശ്വരയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്. ഛായാഗ്രഹണം ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപള്ളിയും ചേര്‍ന്ന് നിര്‍വഹിക്കും. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ്ങ് ഷമീര്‍ മുഹമ്മദ് എന്നിവരാണ്.