
നടൻ വിജയിയും തൃഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകളിൽ നിലപാട് വ്യക്തമാക്കി നടി അംബിക രംഗത്ത്. തൃഷയുടെ ലണ്ടൻ യാത്രയെയും വ്യക്തിജീവിതത്തെയും അന്ന് പിന്തുണച്ച അംബിക, എന്നാൽ തൃഷയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ വിജയിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറില്ലായിരുന്നുവെന്ന് തുറന്നുപറഞ്ഞു. ഈ പരാമർശമാണ് ഇപ്പോൾ വിജയ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുന്നത്.
വിജയിയെപ്പോലെ ഒരു വലിയ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയുടെ രാഷ്ട്രീയ-വ്യക്തിജീവിതത്തിന് ഈ ബന്ധം അവമതിപ്പ് ഉണ്ടാക്കുന്നുണ്ടെങ്കിൽ താൻ അൽപ്പം വിട്ടുനിൽക്കുമായിരുന്നു എന്നാണ് അംബിക വ്യക്തമാക്കിയത്. അംബികയുടെ ഈ വാക്കുകൾ തങ്ങളുടെ മനസിലുള്ളതാണ് എന്ന തരത്തിൽ വിജയ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ഏറ്റെടുത്തിട്ടുണ്ട്.
മറുഭാഗത്ത്, തൃഷയെ പിന്തുണച്ചതിന് അംബികയ്ക്കെതിരെ ഫിലിം ക്രിട്ടിക് ചെഗുവേര നടത്തിയ രൂക്ഷമായ വിമർശനങ്ങളും ചർച്ചയായിട്ടുണ്ട്. എംജിആർ അംബികയ്ക്ക് 25 ഏക്കർ സ്ഥലം നൽകിയെന്ന തരത്തിലുള്ള ചെഗുവേരയുടെ ആരോപണങ്ങൾക്ക് അംബിക ശക്തമായ മറുപടിയാണ് നൽകിയത്. താൻ ആ കാലത്തെ തൃഷയാണെങ്കിൽ ആ കാലത്തെ വിജയ് ആരാണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും, എംജിആർ സ്ഥലം നൽകുമ്പോൾ അദ്ദേഹം വില്ലേജ് ഓഫീസർ ആയിരുന്നോ എന്നും അംബിക പരിഹസിച്ചു. കൂടാതെ, വിജയിയുടെ അമ്മയ്ക്കെതിരെയും മറ്റും ചില യൂട്യൂബ് ചാനലുകളിലൂടെയും മറ്റും നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ കർശന നടപടി വേണമെന്നും അംബിക ആവശ്യപ്പെട്ടു.
തൃഷ ലണ്ടനിലായാലും ചൈനയിലായാലും എന്താണ് പ്രശ്നം?. ഒരാൾക്ക് എവിടെ വേണമെങ്കിലും പോകാം. അതിൽ നമുക്ക് എന്താണ് പ്രശ്നം? എന്നായിരുന്നു അംബിക അന്ന് തൃഷയെ പിന്തുണച്ച് പ്രതികരിച്ചത്. പിന്നാലെ അംബികയ്ക്ക് എതിരെ ഫിലിം ക്രിട്ടിക്കായ ചെഗുവേര രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. തൃഷയ്ക്ക് വേണ്ടി അംബിക എന്തിനാണ് സംസാരിക്കുന്നത്?. ആ കാലത്തെ തൃഷയാണ് അംബിക. അതുകൊണ്ടാണ് അവർ തൃഷയെ പിന്തുണയ്ക്കുന്നത്.
അംബികയ്ക്ക് എംജിആർ 25 ഏക്കർ സ്ഥലം നൽകിയതിനെ കുറിച്ച് അവർ സംസാരിക്കുമോ?. സ്വന്തം പുറത്തെ അഴുക്ക് കഴുകാതെ മറ്റുള്ളവരെക്കുറിച്ച് സംസാരിക്കരുത് എന്നായിരുന്നു ചെഗുവേരയുടെ വിമർശനം. ഇതോടെ പ്രകോപിതയായ അംബിക ഇപ്പോൾ ഒരു അഭിമുഖത്തിലൂടെ ഈ ആരോപണങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ്. എന്നെ കുറിച്ച് ചെഗുവേര അണ്ണൻ സംസാരിച്ചിരുന്നല്ലോ. ആ അഭിമുഖം ഞാൻ കണ്ടിരുന്നു.
എംജിആറിൽ നിന്ന് 25 ഏക്കർ സ്ഥലം ഞാൻ എഴുതി വാങ്ങിയതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. അത് കൂടാതെ എന്തിനാണ് തൃഷയെ ഞാൻ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഞാൻ ആ കാലത്തെ തൃഷയായതുകൊണ്ടാണ് അവരെ പിന്തുണയ്ക്കുന്നതെന്നും പറയുന്നു. ഇപ്പോൾ എനിക്ക് രണ്ട് കാര്യങ്ങൾ അറിയണം. ഞാൻ ആ കാലത്തെ തൃഷയാണെങ്കിൽ ആ കാലത്തെ വിജയ് ആരാണ്?. അത് അദ്ദേഹം പറയണം. രണ്ടാമത്തെ ചോദ്യം… എംജിആർ എനിക്ക് 25 ഏക്കർ സ്ഥലം നൽകുമ്പോൾ ഇദ്ദേഹമായിരുന്നോ വില്ലേജ് ഓഫീസർ?.
ആ രേഖകൾ നിങ്ങളുടെ കൈയിലുണ്ടല്ലോ. അത് എന്റെ കൈയിൽ കൊണ്ടുവന്ന് തരൂ. അത് വിറ്റിട്ട് നിങ്ങൾക്ക് ലഭിക്കേണ്ട പണം ഞാൻ തരാം എന്നായിരുന്നു അംബികയുടെ പ്രതികരണം. ഇതിന് പുറമെ വിജയിയുടെ അമ്മയെക്കുറിച്ച് ചെഗുവേര നടത്തിയ പരാമർശത്തിനും അംബിക മറുപടി നൽകി. ഇത്തരത്തിലുള്ള ഒരു മകനെ പ്രസവിക്കുന്നതിന് പകരം അബോർഷൻ ചെയ്യാമായിരുന്നു എന്ന തരത്തിൽ ചെഗുവേര സംസാരിച്ച വീഡിയോ താൻ കണ്ടിരുന്നുവെന്നും എന്നാൽ പിന്നീട് ആ വീഡിയോ ഡിലീറ്റ് ചെയ്തുവെന്നും അംബിക പറഞ്ഞു.
എന്തിനാണ് ചെഗുവേര നിങ്ങൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?. ഇത്തരം പരാമർശങ്ങൾ അയാളിൽ നിന്ന് മാത്രമല്ല തമിഴാ തമിഴാ പാണ്ഡ്യൻ, ഫയൽവാൻ രംഗനാഥൻ തുടങ്ങിയ ചിലരിൽ നിന്നും ഉണ്ടാകുന്നുണ്ട് എന്നും അംബിക പറഞ്ഞു. ഇത്തരത്തിൽ അങ്ങേയറ്റം അധിക്ഷേപകരമായി സംസാരിക്കുന്നവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും അംബിക ആവശ്യപ്പെട്ടു.
വേദിയിൽ രാഷ്ട്രീയക്കാർ മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുന്നതിനെക്കാൾ മോശമായ രീതിയിലാണ് ഇവർ മറ്റുള്ളവരെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത്. ഇവർക്ക് എന്താണ് ഇത്ര ധൈര്യം?. ഞങ്ങൾ മീഡിയയിലാണല്ലോ എന്തും സംസാരിക്കാം എന്നാണ് ഇവർ കരുതുന്നത്. ദയവായി ഇവരുടെ കുടുംബാംഗങ്ങൾ തന്നെ ഇത്തരത്തിൽ സംസാരിക്കരുതെന്ന് അവരോട് പറഞ്ഞുകൊടുക്കണം എന്നും അംബിക അഭ്യർഥിച്ചു. അതേസമയം തൃഷയെ കുറിച്ച് സംസാരിക്കുമ്പോൾ അംബിക പറഞ്ഞ മറ്റൊരു കാര്യമാണ് ഇപ്പോൾ വിജയ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തൃഷ തന്റെ സുഹൃത്തിനൊപ്പം പുറത്തുപോകുകയാണ്. ഒരുപക്ഷെ ഇരുവർക്കും തമ്മിൽ സൗഹൃദമുണ്ടാകാം. എത്ര വിമർശനങ്ങൾ വന്നാലും ഞങ്ങൾ അത് പുറത്ത് കാണിക്കുമെന്ന് ഇരുവരും തീരുമാനിച്ചിട്ടുണ്ടാകാം. എന്നാൽ വിജയ് ഇപ്പോൾ ഒരു വലിയ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ്. തങ്ങളുടെ ബന്ധത്തിന്റെ പേരിൽ അദ്ദേഹത്തിന് ഒരു അവമതിപ്പ് ഉണ്ടാകുന്നുണ്ടെങ്കിൽ ഞാൻ തൃഷയുടെ സ്ഥാനത്തായിരുന്നെങ്കിൽ തീർച്ചയായും വിജയിക്ക് കൂടുതൽ ധർമ്മസങ്കടമുണ്ടാക്കുന്ന രീതിയിൽ പെരുമാറില്ലായിരുന്നു.
ഞാൻ അൽപം വിട്ടുനിൽക്കുമായിരുന്നു എന്നായിരുന്നു അംബികയുടെ വാക്കുകൾ. ഈ പരാമർശമാണ് ഇപ്പോൾ വിജയ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഞങ്ങളുടെ മനസിലുള്ളത് നിങ്ങൾ അതുപോലെ തന്നെ പറഞ്ഞിരിക്കുന്നു മാഡം. ഇത് തൃഷയുടെ കണ്ണിൽപ്പെടണം എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. അംബികയുടെ ഈ വീഡിയോയും നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നുണ്ട്.