മുത്തയ്യ മുരളീധരനാകാന്‍ വിജയ് സേതുപതി, നിര്‍മ്മാണം റാണ ദഗ്ഗുബാട്ടി

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതകഥ സിനിമയാകുന്നു. ‘800’ എന്ന പേരില്‍ എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് മുരളീധരന്‍ ആകുന്നത്. ശ്രീപതി രംഗസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. സുരേശ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ റാണ ദഗ്ഗുബാട്ടി ഡര്‍ മോഷന്‍ പിക്‌ചേര്‍സുമായി ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്.

തമിഴില്‍ ചിത്രീകരിച്ച ശേഷം നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി ചിത്രം എത്തിക്കുന്നതിനാണ് പദ്ധതി. വന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന് ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രീകരണം ഉണ്ടാകുമെന്നാണ് വിവരം. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. 2020ല്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.

ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ ചിത്രത്തിന്റെ പേരും ‘800’ എന്ന് തന്നെ ഇട്ടത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റുകളോടെ ടെസ്റ്റിലേയും, 534 വിക്കറ്റുകളോടെ ഏകദിനത്തിലേയും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്. ആഭ്യന്തര മത്സരങ്ങള്‍ കൂടാതെ വിദേശ ലീഗുകളിലും ഇന്ത്യന്‍ പ്രീമീയര്‍ ലീഗിലും കളിച്ചിട്ടുള്ള താരമാണ് മുരളീധരന്‍. 1972 ല്‍ ശ്രീലങ്കയിലെ കാന്‍ഡിയില്‍ ജനിച്ച മുരളീധരന്‍ 133 ടെസ്റ്റ് മത്സരങ്ങളിലും, 350 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.