പ്രശ്‌നം തീര്‍ന്നു, ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുന്നു: മാല പാര്‍വതി

നടി മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ചായിരുന്നു താരം ഫേസ്ബുക്കില്‍ കുറിച്ചത്. നിമിഷനേരം കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റ് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. എന്താണ് സംഭവമെന്ന് അന്വേഷിച്ച് നിരവധി പേരാണ് എത്തിയത്.

എന്നാല്‍ ഇപ്പോള്‍ പ്രശ്‌നം തീര്‍ന്നെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുന്നതായും പാര്‍വതി പ്രതികരിച്ചു. കാളിദാസ് ജയറാം നായകനാകുന്ന ഹാപ്പി സര്‍ദാര്‍ സിനിമയുടെ സെറ്റില്‍ നിര്‍മ്മാതാവുമായി സംസാരിക്കുന്നതിനിടയിലുണ്ടായ പ്രശ്‌നമായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലേക്കും പിന്നീട് വലിയ ചര്‍ച്ചയിലേക്കും എത്തിയത്.

ഷൂട്ടിംഗ് സെറ്റിലെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് നിര്‍മാതാവിനോട് സംസാരിച്ചപ്പോള്‍ ശരിയായ രീതിയിലല്ല അദ്ദേഹം പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടതോടെ ഒരുപാട് ആളുകള്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി. സെറ്റില്‍ തന്നെ ഉണ്ടായിരുന്ന സിദ്ധിഖ് സംഭവത്തില്‍ ഇടപെട്ടിരുന്നു. എഎംഎംഎ, ഫെഫ്ക ഭാരവാഹികളും വിളിച്ച് വിവരം അന്വേഷിച്ചു.

ബി ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു, രഞ്ജിത്ത് രജപുത്ര, സുരേഷ് കുമാര്‍, ആന്റോ ജോസഫ്, ഇവരെല്ലാം വിളിച്ച് സംഭവത്തെക്കുറിച്ച് തിരക്കിയിരുന്നു. എല്ലാവരും തന്നോടൊപ്പം നിന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ പെട്ടെന്ന് എത്തി അടിയന്തിരമായി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെന്നും മാല പാര്‍വതി പറഞ്ഞു.

മാല പാര്‍വതിയുടെ പോസ്റ്റിന് താഴെ സംഭവത്തെപ്പറ്റി അന്വേഷിച്ച് നിരവധിപ്പേര്‍ കമന്റും ചെയ്തിരുന്നു. എന്നാല്‍ ആരാധകരുടെ അന്വേഷണങ്ങള്‍ കൂടിയപ്പോള്‍ മറ്റൊരു പോസ്റ്റും മാല പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവെച്ചു. ‘എന്താ പറ്റിയത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ഞാന്‍ പറയാം. അതിന്റെ സമയം വരട്ടെ. പീഡനം അല്ല.. അങ്ങനെയും ചോദിക്കുന്നുണ്ട്.. അല്ല എന്ന് അടിവര ഇടാനാ ഈ പോസ്റ്റ്’ എന്നായിരുന്നു മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്.