വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അന്നബെന്‍ നായിക

വിനീത് ശ്രീനിവാസന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ പുതിയൊരു നിര്‍മ്മാണ കമ്പനിയുമായി നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ഈ ബാനറില്‍ വിനീത് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുക്കുട്ടിയാണ്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയയായ അന്ന ബെന്നാണ് ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. നോബിള്‍ ബാബു തോമസാണ് നായകന്‍. ‘ഹെലന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററിലെ അന്ന ബെന്നിന്റെ വ്യത്യസ്ഥ ഗെറ്റപ്പ് തന്നെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിരിക്കുന്നത്. കൈയില്‍ ഫാസ്റ്റ് ഫുഡുമായി ഒരു റെസ്റ്റോറന്റിലെ സര്‍വീസ് ഗേളായി നില്‍ക്കുന്ന അന്നയുടെ പുഞ്ചിരിയിലാണ് പ്രേക്ഷകരുടെ കണ്ണ് ഉടക്കിയിരിക്കുന്നത്.

വിനീതിന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ നിര്‍മ്മാതാവാണ് നോബിള്‍. സംവിധായകന്‍ തന്നെ രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ കൊച്ചിയില്‍ ആരംഭിക്കും. തൊടുപുഴയാണ് മറ്റൊരു ലൊക്കേഷന്‍.

നേരത്തെ വിനോദ് ഷൊര്‍ണ്ണൂരുമായി ചേര്‍ന്ന് വിനീത് ‘ആനന്ദം’ എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. അതേ സമയം വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. വിനീത് നായകനായി എത്തുന്ന മറ്റൊരു ചിത്രമായ മനോഹരം റിലീസിന് ഒരുങ്ങുകയാണ്.