മാസ്റ്ററിലെ സ്‌റ്റെലിഷ് വിജയിയെ കാണാം, വൈറലായി രണ്ടാം ലുക്ക് പോസ്റ്റര്‍..!

കഴിഞ്ഞ വര്‍ഷം ദീപാവലി റിലീസായെത്തിയ ബിഗിലിനു ശേഷം ദളപതി വിജയ് നായകനാകുന്ന ‘മാസ്റ്റര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആദ്യ പോസ്റ്ററിനോട് കിടപിടിക്കുന്ന ഒരു സ്റ്റൈലിഷ് ദളപതിയെയാണ് രണ്ടാം പോസ്റ്ററില്‍ കാണാനാകുന്നത്. ഒരു കൂട്ടം കുട്ടികളുടെ ഇടയില്‍ നിന്ന് കൂളിങ്ങ് ഗ്ലാസ്സും ധരിച്ച് പുറം തിരിഞ്ഞ് നില്‍ക്കുന്ന ദളപതിയാണ് ഇത്തവണ പോസ്റ്ററില്‍. ഇതോടെ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന വിജയ് സേതുപതിയെ കൂടി ഉള്‍ക്കൊള്ളുന്ന പോസ്റ്ററാകും എന്ന ധാരണകള്‍ അപ്രസക്തമായിരിക്കുകയാണ്. ആദ്യ പോസ്റ്റര്‍ പോലെ ചിത്രത്തിന്റെ പ്രമേയ സ്വഭാവത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് രണ്ടാം പോസ്റ്ററും. ലോകേഷ് കനകരാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിജയും വിജയ് സേതുപതിയും തമ്മിലുള്ള വന്‍ സംഘടനമാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.

നായികയായി മാളവിക മോഹനന്‍ എത്തുന്നു. ഒരു മെഡിക്കല്‍ കോളേജ് പ്രൊഫസറായാണ് വിജയ് ചിത്രത്തില്‍ എത്തുന്നതെന്ന് സൂചനകളുണ്ട്. ശന്തനുവും ഗൗരിയുമാണ് മറ്റ് പ്രധാന വേഷങ്ങളില്‍. അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വന്‍ തുകയ്ക്ക് സണ്‍ ടിവി കരസ്ഥമാക്കിയിട്ടുണ്ട്. ഇതിനകം 200 കോടിക്കു മുകളില്‍ തിയറ്റര്‍-നോണ്‍ തിയറ്റര്‍ പ്രീ റിലീസ് ബിസിനസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സ്വന്തമാക്കി കഴിഞ്ഞു.