
വിജയ്ക്കും, വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകനും’ ആശംസകൾ നേർന്ന് നടൻ രവി മോഹൻ. “തന്നെ സംബന്ധിച്ച് വിജയ് ഇതിനോടകം വിജയിച്ചു കഴിഞ്ഞുവെന്നും, താങ്കളുടെ എക്കാലത്തെയും ആരാധകനും സഹോദരനുമാണ് താനെന്നും” രവി മോഹൻ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ പേജായ എക്‌സിലൂടെയായിരുന്നു രവി മോഹന്റെ ആശംസ. ശിവകാർത്തികേയൻ ചിത്രം പരാശക്തി’യിൽ മുഖ്യവേഷങ്ങളിലൊന്ന് അവതരിപ്പിക്കുന്ന രവി മോഹൻ ഇതിനോടകം ചർച്ചയായിട്ടുള്ള ബോക്സ് ഓഫീസിലെ ഈ പോരാട്ടത്തിന് തൊട്ടുമുമ്പ് വിജയ്‌യെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത് വർത്തയായിട്ടുണ്ട്.
“ദളപതി വിജയിച്ചിരിക്കുന്നു! വിജയ് അണ്ണാ, എന്നെ സംബന്ധിച്ച് താങ്കൾ ഇതിനോടകം വിജയിച്ചു കഴിഞ്ഞു. എല്ലാ കാര്യങ്ങളിലും. ട്രെയിലർ ഏറെ ഇഷ്‌ടമായി. ഞാനുൾപ്പെടെ പലരുടെയും ഹൃദയം കീഴടക്കാൻ ഈ ചിത്രത്തിന് സാധിക്കുമെന്നുറപ്പുണ്ട്. താങ്കളുടെ എക്കാലത്തെയും ആരാധകനും സഹോദരനുമാണ് ഞാൻ. സംവിധായകൻ എച്ച്. വിനോദിനും മുഴുവൻ അണിയറപ്രവർത്തകർക്കും വിജയാശംസ നേരുന്നു.” രവി മോഹൻ കുറിച്ചു.
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അദ്ദേഹത്തിന്റെറെ അവസാന ചിത്രം എന്നതാണ് ‘ജന നായകൻ’ എന്ന സിനിമയുടെ സവിശേഷത. ജനനായകൻ ജനുവരി ഒൻപതിനും പരാശക്തി പത്താംതീയതിയുമാണ് റിലീസ് ചെയ്യുന്നത്. രണ്ടുചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യുന്നതിനാൽ പരാശക്തി റിലീസിനെതിരെ വിജയ് ആരാധകർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞദിവസം ശിവ കാർത്തികേയന്റെ പോസ്റ്ററുകൾ നശിപ്പിക്കുന്ന വിജയ് ആരാധകരുടെ ദൃശ്യം പുറത്തുവന്നിരുന്നു. പരാശക്തിയുടെ ട്രെയിലർ ലോഞ്ചിനിടെ ആരാധകർ ടിവികെ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തിരുന്നു. ഈ സംഘർഷാവസ്ഥ നിലനിൽക്കുമ്പോഴാണ് രവി മോഹൻ്റെ ആശംസാക്കുറിപ്പ് വന്നിരിക്കുന്നത്.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയിൽ ശിവ കാർത്തികേയൻ, രവി മോഹൻ, അഥർവ മുരളി, ശ്രീലീല എന്നിവരാണ് മുഖ്യവേഷങ്ങളിൽ. തമിഴ്‌നാട്ടിലെ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെയുള്ള പോരാട്ടങ്ങളെ ആസ്‌പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ റെയിൽവേയിൽ കൽക്കരി നീക്കുന്ന തൊഴിലാളിയായാണ് ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വൻ ബജറ്റിലൊരുങ്ങുന്ന ആക്ഷൻ ചിത്രമാണ് വിജയ് നായകനാകുന്ന ജനനായകൻ. ബോബി ഡിയോൾ വില്ലനായി എത്തുമ്പോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.