മദ്യപാനം ഉപേക്ഷിച്ചു, ഹൃദയം തകർന്നു, ഒടുവിൽ വിവാഹം; വിജയ് ദേവരകൊണ്ട

','

' ); } ?>

ജീവിതാനുഭവങ്ങളെക്കുറിച്ചും ഭാര്യയും നടിയുമായ രശ്മിക മന്ദാനയുടെ ആരോഗ്യനിലയെക്കുറിച്ചും തുറന്നുപറഞ്ഞ് തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട. അടുത്തിടെ നടന്നൊരു പൊതുപരിപാടിക്കിടെയാണ് താരം തന്റെ ജീവിതയാത്രയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.

2026-ലെ ഇതുവരെയുള്ള അനുഭവങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, കഴിഞ്ഞ എട്ടു മാസത്തെ കാര്യങ്ങളിൽ മാത്രം ഒതുങ്ങാതെ സ്വന്തം ജീവിതത്തെ മൊത്തത്തിൽ ചുരുക്കി അവതരിപ്പിക്കുകയായിരുന്നു വിജയ്. 1989-ൽ ജനിച്ചതു മുതൽ കടന്നുപോയ ഓരോ വർഷവും തികച്ചും ആവേശഭരിതമായിരുന്നുവെന്ന് താരം ഓർത്തെടുത്തു. കയ്യിൽ പണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ജീവിതം ഒരുപോലെ ആസ്വദിച്ചിരുന്നുവെന്നും, പിന്നീട് മദ്യപാനം ഉപേക്ഷിച്ചതിനെക്കുറിച്ചും പ്രണയവും വിരഹവുമെല്ലാം കടന്ന് ഒടുവിൽ വിവാഹത്തിലെത്തി നിൽക്കുന്നതിനെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. തിരിച്ചടികളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു തന്റെ ജീവിതമെന്നാണ് താരം വ്യക്തമാക്കിയത്.

ചടങ്ങിൽ വെച്ച് രശ്മികയുടെ ആരോഗ്യവിശേഷങ്ങൾ ആരാഞ്ഞ ആരാധകർക്ക് താരം ആശ്വാസകരമായ മറുപടിയും നൽകി. ശസ്ത്രക്രിയയ്ക്കു ശേഷം രശ്മിക സുഖം പ്രാപിച്ചു വരികയാണെന്നും നിലവിൽ വീട്ടിൽ വിശ്രമത്തിലാണെന്നും വിജയ് പറഞ്ഞു. നീണ്ടനാളത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്.

വിജയ് ദേവരകൊണ്ടയുടെ വാക്കുകൾ;

”ഞാന്‍ ജനിക്കുന്നത് 1989 ലാണ്. ഓരോ വര്‍ഷവും ത്രില്ലിങ് ആയിരുന്നു. എന്റെ പോക്കറ്റില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ ബ്ലെന്റേഴ്‌സ് പ്രൈഡും ഗ്ലെന്‍ഫിഡ്ച്ചും (രണ്ടും സ്‌കോച്ച് വിസ്‌കികളാണ്) കുടിക്കുമായിരുന്നു. പിന്നീട് ഞാന്‍ മദ്യപാനം നിര്‍ത്തി”

പിന്നീട് ഞാന്‍ പ്രണയത്തിലായി. ഹൃദയം തകർന്നു. പിന്നീട് ഞാന്‍ വിവാഹിതനായി. എന്തൊക്കെ പറഞ്ഞാലും ജീവിതം ത്രില്ലിങ് ആയിരുന്നു” എന്നും വിജയ് ദേവരക്കൊണ്ട കൂട്ടിച്ചേര്‍ത്തു. പിന്നാലെ താരത്തോട് ചേട്ടത്തി എങ്ങനെയിരിക്കുന്നുവെന്നായി ആരാധകര്‍. ഈയ്യടുത്താണ് രശ്മിക മന്ദാനയ്ക്ക് പരുക്കേല്‍ക്കുന്നത്. സര്‍ജറിയ്ക്ക് ശേഷം വിശ്രമിക്കുകയാണ് രശ്മിക.

”നിങ്ങളുടെ ചേട്ടത്തി സുഖമായിരിക്കുന്നു. അവള്‍ക്കൊരു പരുക്ക് പറ്റിയിരുന്നു. ഇപ്പോള്‍ സുഖപ്പെട്ടു വരുന്നു. വീട്ടിലിരുന്ന് ആ കാലം ആസ്വദിക്കുകയാണ്” എന്നാണ് വിജയ് ദേവരക്കൊണ്ട രശ്മികയെക്കുറിച്ച് പറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു രശ്മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.