
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചാണ് വിശദമായ വാദം കേട്ടശേഷം ഹർജി തള്ളിയത്.
വിചാരണ കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് നേരത്തെ തനിക്കെതിരെ ഉണ്ടായ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചാണ് ടി.ബി. മിനിയുടെ ഹർജി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിച്ചു. ഹർജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ പരിഗണിക്കുന്ന ഘട്ടത്തിലാണ് വിചാരണ കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് അഭിഭാഷകയ്ക്കെതിരെ ചില പരാമർശങ്ങൾ ഉണ്ടായത്. അതിജീവിതയുടെ അഭിഭാഷക എവിടെ എന്ന് കോടതി ചോദിക്കുകയും അതിനു പിന്നാലെ ചില വ്യക്തിഗത പരാമർശങ്ങൾ കോടതി നടത്തുകയും ചെയ്തിരുന്നു. അഭിഭാഷക പത്ത് ദിവസം മാത്രമേ കോടതിയിൽ ഉണ്ടായിട്ടുള്ളൂവെന്നും പല ദിവസങ്ങളിലും കോടതിയിൽ ഉറങ്ങുകയാണ് പതിവെന്നുമാണ് വിചാരണ കോടതി ജഡ്ജി പറഞ്ഞത്.
ഇത് വലിയ വിവാദമാവുകയും സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങൾക്കും മാനസിക വിഷമങ്ങൾക്കും കാരണമായെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
നേരത്തെ ഈ വിഷയത്തിൽ ടി.ബി. മിനി ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കും അഡ്വക്കേറ്റ് ജനറലിനും പരാതി നൽകിയിരുന്നു. എന്നാൽ, ജഡ്ജിയുടെ പരാമർശങ്ങൾ കോടതിയലക്ഷ്യത്തിന്റെ പരിധിയിൽ വരില്ലെന്ന മറുപടിയാണ് അഡ്വക്കേറ്റ് ജനറലിൽ നിന്ന് ലഭിച്ചത്. ഇതേത്തുടർന്നാണ് ജഡ്ജിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്ന ആവശ്യവുമായി അഭിഭാഷക നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്.