
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബുധനാഴ്ച ചെന്നൈയിലെ ചീഫ് സെക്രട്ടേറിയറ്റിൽ വച്ചായിരുന്നു ഇരു നേതാക്കളുടെയും നിർണായക കൂടിക്കാഴ്ച. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു ശേഷം കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി ചെന്നൈയിലെത്തി നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുന്നതിനൊപ്പം, അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ എന്ന നിലയിൽ ക്രമസമാധാനപാലനം, സുരക്ഷ തുടങ്ങിയ പൊതുവായ വിഷയങ്ങളിലെ സഹകരണവും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളായി. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ വിവരം മുഖ്യമന്ത്രി വിജയ് തന്നെയാണ് ചിത്രങ്ങൾ സഹിതം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
സെക്രട്ടേറിയറ്റിൽ എത്തിയ കേരള ആഭ്യന്തര മന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരുക്കിയത്. ഉഭയകക്ഷി പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും ഭരണപരമായ കാര്യങ്ങളും ഇരുവരും വിശദമായി സംസാരിച്ചു. ഇരുനേതാക്കളും തമ്മിലുള്ള ഈ കൂടിക്കാഴ്ച വരുംദിവസങ്ങളിൽ കേരള-തമിഴ്നാട് സംസ്ഥാനങ്ങൾ തമ്മിലുള്ള ഭരണപരമായ ഏകോപനത്തിന് കൂടുതൽ കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.