
അച്ഛൻ ശ്രീനിവാസന്റെ വിയോഗത്തിന് ശേഷം നടൻ ദിലീപ് നൽകുന്ന മാനസിക പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തി നടൻ ധ്യാൻ ശ്രീനിവാസൻ. ഇടയ്ക്കിടെ ഫോണിൽ വിളിച്ച് ‘എല്ലാം ഓക്കെയല്ലേ മോനെ’ എന്ന് ദിലീപ് അന്വേഷിക്കാറുണ്ടെന്നും ആ വിളി തരുന്ന ആശ്വാസം ചെറുതല്ലെന്നും ധ്യാൻ പറഞ്ഞു. ഉർവശിയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ഹൊറർ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
തങ്ങളുടെ കുടുംബവുമായി ഏറെ നാളത്തെ ആത്മബന്ധമുള്ള വ്യക്തിയാണ് ദിലീപ് എന്ന് ധ്യാൻ ഓർമ്മിപ്പിച്ചു. അച്ഛൻ ഇല്ലാതായതോടെ ജീവിതത്തിലുണ്ടായ ശൂന്യത ചെറുതല്ല. ആ സമയത്താണ് ദിലീപേട്ടൻ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുന്നത്. ‘എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം, ഞാൻ കൂടെയുണ്ട്’ എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വലിയൊരു കരുതലാണ് നൽകുന്നതെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ:
‘പ്രിൻസ് ആൻഡ് ഫാമിലി’യാണ് അവസാനം ഓടിയ പടം, ഓർമയിൽ എന്നുമുണ്ടാകും. സിനിമ കഴിഞ്ഞാൽ പല ബന്ധങ്ങളും ഇല്ലാതാകുന്ന കാഴ്ചയാണ് നമ്മൾ കാണാറുള്ളത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി, അച്‌ഛന്റെ വിയോഗത്തിന് ശേഷം കൃത്യമായ ഇടവേളകളിൽ ദിലീപേട്ടൻ എന്നെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. ‘എല്ലാം ഓക്കെയല്ലേ മോനെ’ എന്ന് ചോദിക്കുന്ന അദ്ദേഹത്തിൻ്റെ ആ വിളി തരുന്ന ആശ്വാസം ചെറുതല്ല.
അച്‌ഛന്റെ മരണസമയത്ത് വന്ന പലരും പിന്നീട് വീട്ടിലേക്ക് വരികയോ അന്വേഷിക്കുകയോ ചെയ്‌തില്ലെങ്കിലും ദിലീപേട്ടൻ എപ്പോഴും എന്നെയും അമ്മയെയും ഓർക്കാറുണ്ട്. രണ്ടാഴ്‌ച മുന്നേ എന്നെ മൂന്ന് നാല് തവണ വിളിച്ചിരുന്നു, ഞാൻ ഫോൺ എടുത്തില്ല.
കഴിഞ്ഞ ആഴ്‌ച പോലും കാവ്യച്ചേച്ചിയെയും കൂട്ടി അമ്മയെ കാണാൻ വരാനിരുന്നതാണ് അദ്ദേഹം. ഇപ്പോഴും അച്‌ഛൻ പോയ ശേഷം അമ്മയെ കാണാൻ വേണ്ടി അദ്ദേഹം വരാനിരുന്നതാണ്. ഞാൻ കാരണമാണ് അത് മുടങ്ങിപ്പോയത്. ആ കരുതലിലും സ്നേഹത്തിലും വലിയ സന്തോഷമുണ്ട്. കഴിഞ്ഞ ദിവസം ഞാൻ വിളിച്ചപ്പോൾത്തന്നെ ഒട്ടും മടിക്കാതെ ഈ ചടങ്ങിലേക്ക് ഓടിയെത്തിയ ദിലീപേട്ടന് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
ഈ സിനിമയെക്കുറിച്ചും ഇതിൻ്റെ പിന്നണിപ്രവർത്തകരെക്കുറിച്ചും സംസാരിക്കുമ്പോൾ എൻ്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യക്‌തികളുടെ മുഖങ്ങളാണ്, രാഹുലും നീതുവും. ഈ ചിത്രത്തിന്റെ്റെ സംവിധായകൻ രാഹുലാണ്, ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത് നീതുവുമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി എന്റെ സിനിമാജീവിതത്തിലും വ്യക്‌തിജീവിതത്തിലും കൂടെയുള്ളവരാണ് ഇരുവരും. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സിനിമകൾ ചർച്ച ചെയ്‌തിട്ടുണ്ട്. ഞാൻ ചെയ്തതും ഇനി ചെയ്യാൻ ഇരിക്കുന്നതുമായ പല ചിത്രങ്ങളുടെയും എഴുത്തുപുരകളിൽ എന്നെ ഏറെ സഹായിച്ച വ്യക്തിയാണ് നീതു. വർഷങ്ങളായുള്ള ആത്മബന്ധമാണത്; രാഹുൽ എനിക്ക് ഒരു സഹോദരനെപ്പോലെയും നീതു ഒരു സഹോദരിയെപ്പോലെയുമാണ്. അതുകൊണ്ടുതന്നെ അവരുടെ കരിയറിലെ ആദ്യത്തെ സിനിമ എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വളരെ വളരെ പ്രിയപ്പെട്ട ഒന്നാണ്.
റിലീസ് ചെയ്ത മോഷൻ പോസ്‌റ്ററിലൂടെ വ്യക്‌തമാകുന്നതുപോലെ, ഇതൊരു ഹൊറർ ജോണറിൽ പെടുന്ന ചിത്രമാണ്. ഞാൻ ഇതിൽ നായകനൊന്നുമല്ല എങ്കിലും, ഉർവശി ചേച്ചിയെയും നവ്യ നായരെയും പോലുള്ള പ്രതിഭകൾക്കൊപ്പം ഒരു ചെറിയ വേഷം ചെയ്യാൻ കഴിഞ്ഞു എന്നത് വലിയൊരു കാര്യമായി കാണുന്നു.
ഈ ചിത്രത്തിൻ്റെ നിർമാതാവായ ഗഫൂർക്കയും കോ-പ്രൊഡ്യൂസർമാരും എനിക്ക് വർഷങ്ങളായി മികച്ച പരിചയമുള്ളവരാണ്. നവ്യയ്ക്ക് പുറമെ ഉർവശി ചേച്ചി, റോണി ചേട്ടൻ, ഇവിടെ എത്താൻ സാധിക്കാത്ത സിദ്ധാർത്ഥ് ഭരതൻ, മധുച്ചേട്ടൻ, വിഷ്ണു എന്നിങ്ങനെ മികച്ചൊരു കാസ്റ്റിങ്ങും ക്രൂവുമാണ് ഈ ചിത്രത്തിനുള്ളത്. ചെന്നൈയിൽ നിന്നുള്ള ക്യാമറാമാൻ ഉൾപ്പെടെ മികച്ച സാങ്കേതികപ്രവർത്തകരാണ് ഇതിനു പിന്നിൽ. അരുൺ ആണ് ഈ ചിത്രത്തിന് സംഗീതം പകരുന്നത്. എന്തുകൊണ്ടും പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ഒരു നല്ല സിനിമയായിരിക്കും ഇത്.