“ദൈവത്തിന് സത്യം അറിയാം”; ജാമ്യത്തിന് പിന്നാലെ പ്രതികരണവുമായി ടിനി ടോം

','

' ); } ?>

നടി അൻസിബ നൽകിയ പരാതിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ ടിനി ടോം രംഗത്ത്. ദൈവത്തിന് സത്യം അറിയാമെന്നും അവിടുന്ന് നമുക്ക് വേണ്ടി പോരാടുമെന്നും വ്യക്തമാക്കിയ താരം ഈ ആശ്വാസ നിമിഷത്തിൽ ദൈവത്തിന് നന്ദി പറയുന്നതായി കുറിച്ചു.

“ദൈവത്തിന് സത്യം അറിയാം അവിടുന്ന് നമുക്കുവേണ്ടി പോരാടും. ആവേ മരിയ. കൃപാസനം വിശ്വാസി” എന്ന കുറിപ്പോടെ, മാതാവിന്റെ രൂപത്തിൽ തൊട്ടുപ്രാർത്ഥിക്കുന്ന ചിത്രവും ടിനി ടോം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ടിനി ടോമിനെതിരെ എഫ്ഐആർ ഇട്ടിരുന്നത്. ഈ കേസിലാണ് ഇപ്പോൾ താരത്തിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

അൻസിബ ഹസൻ ആദ്യം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്തിരുന്നില്ല. തുടർന്ന് അൻസിബ കോ‌ടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ മാസം 30നാണ് അൻസിബയുടെ പരാതിയില്‍ കേസെടുക്കാന്‍ എറണാകുളം ജില്ല സെഷൻസ് കോടതി നിര്‍ദ്ദേശിച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ ടിനി ടോമിനെ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് ടിനി ടോം മുൻകൂർ ജാമ്യം തേടിയത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി തുടങ്ങി ഗുരുതര പരാതികളാണ് അൻസിബ ടിനിക്കെതിരെ ഉന്നയിച്ചത്.