“ഡയലോഗ് പഠിക്കാത്തതിന് സെറ്റിൽ ഏറ്റവും കൂടുതൽ വഴക്കു കേട്ടിട്ടുള്ളത് ജയറാമിനാണ്, ‘മമ്മൂക്കയും ലാലേട്ടനും ആ അവസരം ഉണ്ടാക്കിയിട്ടില്ല”; കമൽ

','

' ); } ?>

ഡയലോഗ് കൃത്യമായി പഠിച്ചു വരാത്തതിന്റെ പേരിൽ താൻ സെറ്റിൽ വെച്ച് ഏറ്റവും കൂടുതൽ ശകാരിച്ചിട്ടുള്ളത് നടൻ ജയറാമിനെയാണെന്ന് മുതിർന്ന സംവിധായകൻ കമൽ. എന്നാൽ ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദവും സ്വാതന്ത്ര്യവും കൊണ്ടാണ് അത്തരത്തിൽ സംസാരിച്ചിട്ടുള്ളതെന്നും, മമ്മൂട്ടിയെയോ മോഹൻലാലിനെയോ ശകാരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘പോർട്രയ്റ്റ്സ് ബൈ ഗദ്ദാഫി’ എന്ന പോഡ്കാസ്റ്റിലാണ് കമൽ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

തന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായി അഭിനയിച്ചിട്ടുള്ളത് ജയറാമാണെന്ന് ചൂണ്ടിക്കാട്ടിയ കമൽ, സെറ്റിലെ രസകരമായ സംഭവങ്ങളും വിവരിച്ചു. “ഡയലോഗ് പഠിക്കാതിരുന്നാൽ ഞാൻ അഭിനേതാക്കളെ വഴക്കു പറയാറുണ്ട്. അതിൽ ഏറ്റവും കൂടുതൽ വഴക്ക് കേട്ടിട്ടുള്ളത് ജയറാമാണ്. ജയറാം പഠിക്കാതിരിക്കില്ല, പക്ഷേ ‘ആ കുഴപ്പമില്ല’ എന്ന് വിചാരിച്ച് വിടും. ശേഷം ടേക്കിന്റെ സമയത്ത് അസോസിയേറ്റ് ഡയറക്ടറോട് പ്രോംപ്റ്റ് ചെയ്തു തരാൻ പറയും. ചെറിയ ഡയലോഗുകൾക്ക് പോലും പ്രോംപ്റ്റിങ് വേണമെന്ന് വരുമ്പോൾ ‘അതെങ്കിലും കാണാതെ പഠിച്ചുകൂടെ’ എന്ന് ഞാൻ ചോദിക്കും. സൗഹൃദത്തിന്റെ പേരിൽ പറയുന്ന സ്വാതന്ത്ര്യം മാത്രമാണത്,” കമൽ പറഞ്ഞു.

മറ്റു മുതിർന്ന താരങ്ങളെക്കുറിച്ച് സംസാരിക്കവെ, മമ്മൂക്കയോ മോഹൻലാലോ തന്നിൽ നിന്ന് ശകാരം കേൾക്കേണ്ട രീതിയിൽ ഒരിക്കലും പെരുമാറിയിട്ടില്ലെന്നും അങ്ങനെയൊരു സന്ദർഭം അവർ ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവെ താൻ എല്ലാവരെയും വഴക്കു പറയുന്ന ആളല്ലെന്നും കമൽ വ്യക്തമാക്കി. മലയാളികൾക്ക് ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ഈ കൂട്ടുകെട്ടിന്റെ വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

കമലിന്റെ വാക്കുകൾ

“ഡയലോ​ഗ് പഠിക്കാതിരുന്നാൽ ആർട്ടിസ്റ്റുകളെ ഞാൻ വഴക്ക് പറയും. ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത് ജയറാം ആണ്. പഠിക്കാതിരിക്കില്ല, പഠിക്കും. പക്ഷേ ആ കുഴപ്പമില്ല എന്ന് പറഞ്ഞ് വിടും. ടേക്കിന്റെ സമയത്ത് അസോസിയേറ്റ് ഡയറക്ടറോട് പ്രോംപ്റ്റ് ചെയ്ത് തരാൻ പറയും.

പ്രോംപ്റ്റ് ചെയ്ത് പ്രോംപ്റ്റ് ചെയ്ത് ചെറിയ ഡയലോ​ഗിന് പോലും പ്രോംപ്റ്റ് ചെയ്യാൻ തുടങ്ങുമ്പോൾ, ഞാൻ ചിലപ്പോൾ പറയും ‘ഹോ… അതെങ്കിലും ഒന്ന് കാണാതെ പഠിച്ചു കൂടെ’ എന്ന്. അങ്ങനെയൊക്കെ പറയും എന്ന് മാത്രമേ ഉള്ളൂ. എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായി അഭിനയിച്ചിട്ടുള്ളതും ജയറാം ആണ്.

ഞാൻ അങ്ങനെ എല്ലാവരെയും ശകാരിക്കാറൊന്നുമില്ല. ജയറാമിനോട് ആ സ്വാതന്ത്ര്യം ഉള്ളതു കൊണ്ട് പറയുന്നതാണ്. ജയറാമിനോടൊക്കെ ഒരു സൗഹൃദത്തിന്റെ പേരിൽ ശകാരിച്ചിട്ടുള്ളതാണ്.

ഞാൻ മമ്മൂക്കയെയും മോഹൻലാലിനെയും ഒന്നും ശകാരിച്ചിട്ടില്ല. അവരെ ശകാരിക്കാനുള്ള സന്ദർഭം അവരുണ്ടാക്കിയിട്ടില്ലല്ലോ. അങ്ങനെ ആരെയും ശകാരിക്കാറില്ല.”