ചന്തു ആയി മഞ്ജു, ആരോമലുണ്ണിയായി സൗബിന്‍

','

' ); } ?>

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി ‘വെള്ളരിക്കാപട്ടണം’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയ മോഷന്‍ പോസ്റ്റര്‍ വൈറലാകുന്നു. ചിത്രത്തിലെ പ്രധാന താരങ്ങളായ മഞ്ജുവാര്യരും സൗബിന്‍ ഷാഹിറും മമ്മൂട്ടി സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ക്കൊത്ത് അണിനിരക്കുന്ന മോഷന്‍ പോസ്റ്ററാണ് ഇവര്‍ ഒരുക്കിയത്.കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടയുടെ പിറന്നാള്‍. അതോടൊപ്പം തന്നെ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ പിറന്നാളാണിന്ന്.നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തയിരിക്കുന്നത്.

ഒരു വടക്കന്‍ വീരഗാഥ, വിധേയന്‍, അമരം, രാജമാണിക്യം എന്നീ ചിത്രത്തിലെ രംഗങ്ങളാണ് മോഷന്‍ പോസ്റ്ററിലുള്ളത്. ചന്തുവായും, പട്ടേലറായും, അച്ചൂട്ടിയായും, ബെല്ലാരി രാജയായും മഞ്ജു വാര്യര്‍ എത്തുമ്പോള്‍ ആരോമലുണ്ണി, തൊമ്മി, രാഘവന്‍, ചാമിയാര്‍ എന്നീ കഥാപാത്രങ്ങളായാണ് സൗബിന്‍ പോസ്റ്ററിലുള്ളത്. അവസാനം ചിത്രത്തിന്റെ സസ്പെന്‍സ് ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ പ്രെയ്സ് ദ് ലോഡ് എന്ന സിനിമയില്‍ നിന്നുള്ള ഡയലോഗുമുണ്ട്. പശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ ശബ്ദത്തിലുള്ള സംഭാഷണങ്ങള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

‘കേരളം ലോകസിനിമയ്ക്ക് നല്കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് മമ്മൂക്ക. അഭിനയത്തില്‍ അദ്ദേഹം അരനൂറ്റാണ്ട് പിന്നിടുന്ന ഈ സമയത്തുവരുന്ന പിറന്നാളിന് പ്രത്യേകതയുണ്ട്. മമ്മൂക്കയോടുള്ള ആദരവ് എങ്ങനെ പ്രേക്ഷകരിലേക്കെത്തിക്കും എന്ന ആലോചനയില്‍ പിറന്നതാണിത്’-‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംവിധായകന്‍ മഹേഷ് വെട്ടിയാര്‍ പറയുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നീണ്ടുപോയ ‘വെള്ളരിക്കാപട്ടണ’ത്തിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. ഗൗതംശങ്കര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. എ.ആര്‍.റഹ്‌മാനോടൊപ്പം പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.