“ഇതൊരു ഓലപ്പടക്കം മാത്രം, തൃശൂർ പൂരം വരാനിരിക്കുന്നതേയുള്ളൂ”: റോബിന്റെ വെല്ലുവിളി തള്ളി വേദ് ലക്ഷ്മി

','

' ); } ?>

റിയാലിറ്റി ഷോ താരവും ബിജെപി യുവനേതാവുമായ ഡോ. റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ വേദ് ലക്ഷ്മിയും തമ്മിലുള്ള തർക്കം നിയമപോരാട്ടത്തിലേക്കും രൂക്ഷമായ ആരോപണപ്രത്യാരോപണങ്ങളിലേക്കും വഴിമാറുന്നു. സാമ്പത്തിക ലക്ഷ്യങ്ങൾ വച്ചാണ് റോബിൻ ബിജെപിയിൽ ചേർന്നതെന്നും പാർട്ടി പ്രവർത്തകരെക്കുറിച്ച് വംശീയ പരാമർശം നടത്തിയെന്നും ആരോപിച്ച് വേദ് ലക്ഷ്മി ഓഡിയോ ചാറ്റ് പുറത്തുവിട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. തനിക്കെതിരെ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് റോബിൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയതോടെ വിഷയം കൂടുതൽ രൂക്ഷമായി.

ഞായറാഴ്ച രാവിലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് റോബിൻ പരാതി നൽകിയത്. പരാതി പ്രാഥമികമായി പരിശോധിച്ച പോലീസ് എതിർകക്ഷിയോട് ഹാജരാകാൻ നിർദേശിച്ച് സമൻസ് അയച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെങ്കിൽ തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് സ്റ്റേഷനിലെത്താൻ ഇൻസ്റ്റഗ്രാമിലൂടെ റോബിൻ വേദ് ലക്ഷ്മിയെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

എന്നാൽ റോബിന്റെ വെല്ലുവിളി തള്ളിക്കളഞ്ഞ വേദ് ലക്ഷ്മി, കൃത്യമായ മറുപടിയുമായി രംഗത്തെത്തി. തിങ്കളാഴ്ച തനിക്ക് ജോലിയുണ്ടെന്നും വെറുതെയിരിക്കുന്ന ആളല്ലാത്തതിനാൽ സൗകര്യമുള്ള സമയത്ത് മാത്രമേ സ്റ്റേഷനിലെത്തി പറയേണ്ട കാര്യങ്ങൾ വ്യക്തമാക്കൂ എന്നും വേദ് ലക്ഷ്മി വ്യക്തമാക്കി. ഇപ്പോൾ പുറത്തുവിട്ടത് ചെറിയൊരു സാമ്പിൾ മാത്രമാണെന്നും യഥാർത്ഥ തെളിവുകൾ വരാനിരിക്കുന്നതേയുള്ളൂ എന്നും അവർ മുന്നറിയിപ്പ് നൽകി.

നേരത്തെ റോബിൻ നൽകിയ സൈബർ ക്വട്ടേഷനുകൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ വേദ് ലക്ഷ്മി, വാങ്ങിയ പണം തിരികെ നൽകിയ ശേഷമാകാം ബാക്കി സംസാരിക്കാനെന്നും ആരോപിച്ചു. ബിജെപിയുടെ തത്വങ്ങളെക്കുറിച്ച് റോബിന് ധാരണയില്ലെന്നും മോദിയെ ഇഷ്ടമാണെന്ന് പറയുമ്പോഴും പാർട്ടിയെപ്പറ്റി മോശം പരാമർശങ്ങൾ നടത്തിയെന്നും തെളിയിക്കുന്ന ശബ്ദരേഖ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

‘‘എന്തുകൊണ്ട് ബിജെപി, ബിജെപിയുടെ തത്വങ്ങളോ കാര്യങ്ങളോ ഒന്നും എബിസിഡി അറിയില്ല. മോദി ജിയെ ഇഷ്ടമാണ്. ബിജെപി വർഗീയവാദികളാണ്, സത്യം പറയാമല്ലോ, ഭയങ്കരമായി അങ്ങനെയുള്ള കാര്യങ്ങൾ പറയാറുണ്ട്. ഞാൻ സ്ഥാനാർഥിയായെന്ന് വച്ചോളൂ, എന്നോട് അതിനെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചാൽ ഒരു രാഷ്ട്രീയക്കാരനായേ ഞാൻ സംസാരിക്കൂ.’’–വേദ് ലക്ഷ്മി പുറത്തുവിട്ട് വാട്ട്സ്ആപ്പ് ഓഡിയോ ചാറ്റിൽ റോബിൻ പറയുന്നു.

വേദ് ലക്ഷ്മിയുടെ വാക്കുകൾ;

‘‘ഇന്നത്തെ എന്റെ ഞായറാഴ്ച തുടങ്ങിയത് റോബിൻ രാധാകൃഷ്ണന്റെ കേസും അതുമായി ബന്ധപ്പെട്ട മെസേജുകളും വച്ചാണ്. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം സ്റ്റേഷനിൽ എത്തണമെന്നൊക്കെയാണ് ആ സ്റ്റോറിയിൽ പറയുന്നത്. എനിക്ക് റോബിനോടു പറയാനുള്ളത്, തിങ്കളാഴ്ച എനിക്ക് ജോലിയുണ്ട്. നിന്നെപ്പോലെ ഞാൻ വെറുതെ ഇരിക്കുകയല്ല, വിളിക്കുമ്പോൾ ഉടനെ സ്റ്റേഷനിലേക്കു വരാൻ.

രാവിലെയും ഉച്ച കഴിഞ്ഞുമൊക്കെ വർക്കുണ്ട്, ധരിപ്പിക്കാൻ ഉള്ളവരോടൊക്കെ ഇത് ധരിപ്പിച്ചിട്ടുമുണ്ട്. എന്റെ ജോലി കഴിഞ്ഞ് സൗകര്യമുള്ള സമയത്ത് വന്ന് എനിക്ക് പറയാനുള്ള മുഴുവൻ കാര്യങ്ങളും അവിടെ പറഞ്ഞുകൊള്ളാം. അതവിടെ നിൽക്കട്ടെ, െചറിയൊരു ഓലപ്പടക്കം കണ്ടപ്പോഴാണ് നീ ഇത്രയും കാട്ടിക്കൂട്ടുന്നത്. അപ്പോൾ ശരിക്കുമുളള തൃശൂർപൂരം തുടങ്ങുമ്പോൾ എന്താകും നിന്റെ അവസ്ഥ.

നീ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യ്. നിന്റെ വളച്ചൊടിക്കുന്ന സ്റ്റോറീസ് പോസ്റ്റ് ചെയ്തോ ബന്ധങ്ങൾ വച്ചോ അങ്ങനെ എന്തു വേണമെങ്കിലും ചെയ്യ്. വെല്ലുവിളിക്കുകയാണെന്നു തന്നെ വച്ചോ, നീ എവിടെ നിർത്തുന്നോ അവിടെ നിന്നു ഞാൻ തുടങ്ങും. ഇത് വെറുതെ പറയുന്നതല്ല. കുറേ നാള് കാത്തിരുന്നു, നിയമപരമായി പോകാൻ ഉദ്ദേശിച്ചിട്ടും…

നിന്നോട് സഹതാപം തോന്നുന്നൊരു കാര്യം, നീയൊരു സൈബർ ക്വട്ടേഷൻ ഒക്കെ കൊടുത്തിട്ടുണ്ടായിരുന്നു. അത് കറങ്ങിത്തിരിഞ്ഞ് നിനക്കു തന്നെ ഇപ്പോൾ വിനയായി വന്നപ്പോൾ എനിക്കു തോന്നുന്ന കാര്യമുണ്ട്. പണ്ട് മുട്ടനാടുകൾ തമ്മിൽ തമ്മിലിടിപ്പിച്ചിട്ട് ചോര കുടിക്കാൻ നിൽക്കുന്ന കുറുക്കന്റെ കഥയില്ലേ, അതൊക്കെ പണ്ട് ഇത് 2026 ആണ്. മുട്ടനാടുകളും ആലോചിച്ചും കണ്ടുമേ എന്തെങ്കിലും ചെയ്യത്തൊള്ളൂ. അതിനിടയ്ക്ക് നിന്ന് ഇടികൊള്ളാൻ പോകുന്നത് നീയാണ്.

നീ എന്തൊക്കെ ചെയ്താലും ഇതിൽ നിന്ന് രക്ഷപ്പെടാൻ പറ്റില്ല, കാത്തിരുന്ന് കണ്ടുകൊള്ളൂ, ഇനി ഇതിൽ നിന്നൊരു തിരിഞ്ഞുപോക്കില്ല. ഒരുകാര്യം വിട്ടുപോയി, ഈ മേടിച്ച പൈസയൊക്കെ തിരിച്ച് കൊടുക്ക് റോബിൻ, എന്നിട്ട് സംസാരിക്ക്. അതാണ് അതിന്റെയൊരു ശരി, സ്നേഹം പരക്കട്ടെ, സ്നേഹം നന്നായി പരക്കട്ടെ.’’