
ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ വിശദീകരണം നൽകി സംഗീത സംവിധായകൻ എ.ആർ. റഹ്‌മാന്റെ മകനും പിന്നണി ഗായകനുമായ എ.ആർ. അമീൻ. സുഹൃത്ത് ഓടിച്ചിരുന്ന കാറിലെ പാസഞ്ചർ സീറ്റിലായിരുന്നു താൻ ഉണ്ടായിരുന്നതെന്നും ദൈവാനുഗ്രഹത്താലാണ് വലിയ ദുരന്തം ഒഴിവായതെന്നും അമീൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. പ്രാർഥനകളുമായി ഒപ്പം നിന്ന പ്രിയപ്പെട്ടവർക്കും ആരാധകർക്കും നന്ദി അറിയിച്ച കുടുംബം, അനാവശ്യ ആശങ്കകൾ ഒഴിവാക്കാൻ വസ്തുതകൾ ഉറപ്പുവരുത്തിയ ശേഷം മാത്രം മാധ്യമങ്ങൾ വാർത്തകൾ നൽകണമെന്നും അഭ്യർഥിച്ചു.
അമീനൊപ്പം സഹോദരി ഖദീജ റഹ്‌മാനും സോഷ്യൽ മീഡിയയിലൂടെ ഈ കാര്യത്തിന് വ്യക്തത വരുത്തിയിട്ടുണ്ട്.
ചെന്നൈ ഗിണ്ടിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ എയർപോർട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമീൻ സഞ്ചരിച്ചിരുന്ന ലക്ഷ്വറി എസ്.യു.വിയും ടാക്സി ഹാച്ച്ബാക്ക് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന വാഹനം റെഡ് സിഗ്‌നൽ മറികടന്ന് പെട്ടെന്ന് മുന്നോട്ട് എടുത്തതാണ് കൂട്ടിയിടിക്ക് കാരണമായതെന്ന് ഖദീജ റഹ്‌മാൻ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട അമീൻ, സുഹൃത്ത്, ടാക്സി ഡ്രൈവർ എന്നിവർക്ക് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2015-ൽ മണിരത്‌നം സംവിധാനം ചെയ്ത ‘ഓ കാതൽ കൺമണി’ എന്ന ചിത്രത്തിലെ ‘മൗലാ സല്ലി വസല്ലിം’ എന്ന ഗാനത്തിലൂടെയാണ് അമീൻ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അടുത്തിടെ രാം ചരൺ ചിത്രം ‘പെഡ്ഡി’യിലെ തമിഴ് ഗാനമായ ‘ചികിരി ചികിരി’ ആലപിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ജസ്ലീൻ റോയലുമായി സഹകരിച്ച് പുറത്തിറക്കിയ ‘ഭീഗി ഭീഗി’ എന്ന സ്വതന്ത്ര ആൽബത്തിലും അമീൻ ഭാഗമായിരുന്നു.