
മദ്യപിച്ച് വാഹനമോടിച്ച് നഗരത്തിൽ വാഹനാപകടമുണ്ടാക്കിയ യൂട്യൂബറും സിനിമാ നിരൂപകനുമായ അശ്വന്ത് കോക്കിന്റെ അറസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ശക്തമാകുന്നു. നടൻ അനീഷ് ഗോപാലിന്റെ ഭാര്യ വർണ അനീഷ് പങ്കുവെച്ച പഴയൊരു അഭിമുഖ വീഡിയോയാണ് ഇപ്പോൾ വ്യാപകമായി ചർച്ചയാകുന്നത്. അശ്വന്ത് കോക്ക് സിനിമ റിവ്യൂ ചെയ്യുന്നത് മദ്യപിച്ചിട്ടാണെന്ന് അനീഷ് ഗോപാൽ മുൻപൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതിന്റെ ദൃശ്യങ്ങളാണ് വർണ ‘ഇപ്പോ എങ്ങനെ ഇരിക്കണ്’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ചത്.
റിവ്യൂകൾ പറയുമ്പോൾ താൻ മദ്യപിച്ചിട്ടുണ്ടാകാറുണ്ടെന്ന് അശ്വന്ത് കോക്ക് തന്നോട് ഫോണിൽ സമ്മതിച്ചിട്ടുണ്ടെന്നായിരുന്നു അനീഷ് ഗോപാൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ധ്യാൻ ശ്രീനിവാസൻ നായകനായ ‘വിവാഹ്’ എന്ന സിനിമയുടെ റിവ്യൂവിനിടയിൽ അശ്വന്ത് കോക്ക് നടത്തിയ വ്യക്തിഹത്യ തന്റെ കുടുംബത്തെ മാനസികമായി തളർത്തിയെന്ന് അനീഷ് ഗോപാൽ മുൻപ് തുറന്നുപറഞ്ഞിരുന്നു. റിവ്യൂവിലെ അധിക്ഷേപങ്ങൾ മൂലം തന്റെ ഭാര്യയും കുട്ടികളും കടുത്ത മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്നും, ഇതിനെ തുടർന്ന് ഭാര്യക്ക് മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, റിവ്യൂവിന്റെ പേരിൽ ഈ യൂട്യൂബർ നടത്തിയത് കടുത്ത ലൈംഗിക അധിക്ഷേപങ്ങളാണെന്ന് വ്യക്തമാക്കി വർണയും രംഗത്തെത്തിയിരുന്നു.
തിങ്കളാഴ്ച വൈകീട്ട് 7.30-ഓടെ കോഴിക്കോട് എരഞ്ഞിപ്പാലം മിനി ബൈപ്പാസിലായിരുന്നു അശ്വന്ത് കോക്ക് ഓടിച്ച വാഹനം അപകടമുണ്ടാക്കിയത്. ഇയാൾ ഓടിച്ച ഥാർ ജീപ്പ് ഒരു കാറിലും നാല് ബൈക്കുകളിലും കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലും ഇടിക്കുകയായിരുന്നു. അപകടസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. അപകടം വരുത്തിയതിനെ തുടർന്ന് പ്രദേശവാസികൾ ചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ നടക്കാവ് പൊലീസിനോടും ഇയാൾ തട്ടിക്കയറി. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെയും വാഹനവും നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല.