ഓര്‍മ്മയുണ്ടോ ഈ കോംബോ..!

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയായ വേയ്‌ഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം, പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകനായ അനൂപ് സത്യന്‍ സംവിധാന അരങ്ങേറ്റം കുറിക്കുന്ന ചിത്രം, നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി, ശോഭന എന്നീ സീനിയര്‍ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെ പല പ്രത്യേകതകളോട് കൂടിയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം വെള്ളിത്തിരയിലെത്തിയത്. ഒരു ഫ്രെഷായ ഫീല്‍ഡ് ഗുഡ്, സിനിമാ അനുഭവമാണ് അനൂപ് തന്റെ ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകന് സമ്മാനിക്കുന്നത്.

മലയാളത്തിലെ മുന്‍നിരതാരങ്ങളടങ്ങിയ വളരെ വ്യത്യസ്ഥമായ ഒരു താരനിരയുമായാണ് ചിത്രമെത്തുമ്പോള്‍ അനൂപ് അവരെ എങ്ങനെ ഉപയോഗപ്പെടുത്തി എന്ന ആകാക്ഷ തന്നെയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം കാണാനുള്ള പ്രധാന പ്രേരണ. ചെന്നൈ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ സെറ്റ് ചെയ്തിരിക്കുന്നത്. നിഖിത എന്ന ഇന്‍ഡിപെന്‍ഡായ ചെറുപ്പക്കാരി, തന്റെ അമ്മയോടൊപ്പം ഒരു ജോലിയുടെ ഭാഗമായി അവിടെയെത്തുകയാണ്. തനിക്ക് അനുയോജ്യനായ ഒരു വരനെത്തേടിയുള്ള അന്വേഷണത്തിലാണ് നിഖിത. എന്നാല്‍ നിഖിതയുടെ അമ്മയാകട്ടെ നേറെ മറിച്ച് വളരെ റൊമാന്റിക്കാണ്. ഇരുവരും തങ്ങളുടെ ജീവിതത്തിലെ താല്‍പര്യങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ രസകരമായ പുതിയ കുറച്ച് കഥാപാത്രങ്ങള്‍ കടന്നുവരികയാണ്. പിന്നീടുണ്ടാകുന്ന രസകരമായ കുടുംബ ബന്ധങ്ങളേക്കുറിച്ചാണ് അനൂപ് ചിത്രത്തിലൂടെ പറഞ്ഞ് പോകുന്നത്.

ചിത്രത്തിലെ എല്ലാ താരങ്ങള്‍ക്കും തുല്യമായ പ്രാധാന്യം തന്നെയാണ് അനൂപ് നല്‍കിയിട്ടുള്ളത്. കല്യാണിയാണ് ചിത്രത്തില്‍ നിഖിതയായെത്തുന്നത്. അമ്മയുടെ വേഷത്തില്‍ ശോഭനയുമെത്തുന്നു. ഫ്‌ളാറ്റിലെ പുതിയ താമസക്കാരായ കുടുംബത്തിലെ രസികനായ ചെറുപ്പക്കാരനായാണ് ദുല്‍ഖറെത്തുന്നത്. സുരേഷ് ഗോപി, ശോഭന എന്നിവരുടെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കോംബോ, ദുല്‍ഖറിന്റെയും കല്യാണിയുടെയും രണ്ട് ധ്രുവങ്ങളിലുള്ള വേഷങ്ങള്‍ എന്നിവയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സീനിയര്‍ താരങ്ങളായ ഉര്‍വ്വശിയുടെയും കെ പി സി ലളിതയുടെയും ജോണി ആന്റണിയുടേയും കഥാപാത്രങ്ങളും ഇഷ്ടപ്പെട്ടു. ഫ്‌ളാറ്റിലെ കുക്കിങ്ങ് ആന്റിയായെത്തിയ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടെ അതിഥി വേഷവും നന്നായിരുന്നു.

മൊത്തത്തില്‍ ചിത്രത്തിന്റെ ടെക്‌നിക്കല്‍ വശങ്ങള്‍ എല്ലാം തന്നെ ചിത്രത്തിനോട് ഒപ്പം നിന്നിട്ടുണ്ട്. ചിത്രത്തിന്റെ കളര്‍ പാലറ്റ് ഒരു ഫ്രെഷ് ഫീലിങ്ങ് നല്‍കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. അല്‍ഫോണ്‍സ് ജോസഫിന്റെ സംഗീതം ചിത്രത്തിന്റെ മൂഡ് നിലനിര്‍ത്തി. മുകേഷ് മുരളീധരന്റെ ക്ലോസ് ഫ്രെയിംസ്, ചിത്രത്തിന്റെ മൂഡ് മാറ്റിക്കൊണ്ടിരുന്ന ടോബി ജോണിന്റെ കട്ട്‌സ് എന്നിവയെല്ലാം നന്നായിരുന്നു.

നമ്മള്‍ അറിയാതെ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്ന ഒരുപാട് പേരുണ്ട്. പലപ്പോഴും അത് നമ്മുടെ കുടുംബങ്ങളാണ്. നമ്മുടെ സ്വന്തം ഇഷ്ടങ്ങള്‍ നമ്മള്‍ തേടുന്നതിനിടെ നമ്മള്‍ അവരെ മറന്നുപോവുമ്പോഴുണ്ടാകുന്ന അല്ലെങ്കില്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടാത്ത ചെറിയ കാര്യങ്ങള്‍ ഒരു ബന്ധത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നുള്ള ആശയമാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം മുന്നോട്ട് വെക്കുന്നത്. അല്‍പം ഓര്‍മ്മ പുതുക്കലുള്ള ഒരു വ്യത്യസ്തമായ ഫീല്‍ ഗുഡ് ചിത്രത്തിന്റെ അനുഭവത്തിനായി നിങ്ങള്‍ക്ക് ചിത്രത്തിന് വേണ്ടി ടിക്കറ്റ് എടുക്കാം.