‘അയ്യപ്പനും കോശിയും’…തോറ്റവരുടെ തോറ്റം പാട്ട്

അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി തന്നെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന രണ്ടാമത്തെ സിനിമയാണ് അയ്യപ്പനും കോശിയും. ഡ്രൈവിംഗ് ലൈസന്‍സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയ സച്ചിയുടെ സംവിധാനത്തിലേയും രചനയിലേയും വേറിട്ടുള്ള നടത്തമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലിയില്‍ നിന്ന് അയ്യപ്പനും കോശിയിലുമെത്തുമ്പോള്‍ സച്ചി ഇന്നിന്റെ മണ്ണില്‍ ചവിട്ടി നിന്നുള്ള സിനിമയാണ് അവതരിപ്പിച്ചിട്ടുള്ളത്. മാസും ക്ലാസും ചേര്‍ന്ന ഒരുഗ്രന്‍ പൊളിറ്റിക്കല്‍ ത്രില്ലറാണ് അയ്യപ്പനും കോശിയും.

പാലക്കാട് അട്ടപ്പാടിയിലാണ് കഥ നടക്കുന്നത്. അയ്യപ്പന്‍ നായര്‍ എസ്.ഐ ആണ്, റിട്ടയേര്‍ഡ് ഹവീല്‍ദാറാണ് കോശി. രണ്ടു വ്യക്തികള്‍ തമ്മിലുള്ള പോരാട്ടം എന്നതിലുപരി അയ്യപ്പനും കോശിയും രണ്ട് വര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്നിടത്താണ് സിനിമ അതിശക്തമായ രാഷ്ട്രീയമായി മാറുന്നത്. ഡ്രൈവിംഗ് ലൈസന്‍സില്‍ രണ്ടുപേരുടെ താനെന്ന ഭാവമാണ് മുഖ്യവിഷയമായതെങ്കില്‍ അയ്യപ്പനും കോശിയിലും വര്‍ഗ്ഗ സമരം തന്നെയാണ് നടക്കുന്നത്. പണക്കൊഴുപ്പിന് മുന്നില്‍ തോറ്റ് പോയവരുടെ നിലവിളിയായ് സിനിമ മാറുന്നിടത്ത് ഓരോ പ്രേക്ഷകരിലും നമ്മള്‍ പോലുമറിയാതെ ഉറഞ്ഞു കൂടിപോയ വര്‍ഗ്ഗരാഷ്ട്രീയത്തെ തിയേറ്ററില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയതാണ് സച്ചിയുടെ മിടുക്ക്. പച്ചയായി രാഷ്ട്രീയം നേരിട്ട് പറയാതെ ഓരോ ഫ്രെയ്മിലും രാഷ്ട്രീയം ചേര്‍ത്തുവെച്ച സിനിമയുടെ തിരക്കഥയും മെയ്ക്കിംഗും ബ്രില്ല്യന്റാണ്.

ഈ അടുത്ത കാലത്തൊന്നും ഇത്ര ശക്തമായി സൂപ്പര്‍ താരങ്ങളിലൂടെ രാഷ്ട്രീയം പറഞ്ഞ സിനിമയുണ്ടായിട്ടില്ല. അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തിന്റെ നായര്‍ എന്ന പേരിന് പോലും രാഷ്ട്രീയം നല്‍കിയത് മുതല്‍ പണക്കൊഴുപ്പിനാല്‍ അറിയാതെ തികട്ടി വരുന്ന ചില സംഭാഷണങ്ങള്‍ വരെ കുറിക്കു കൊള്ളുന്നതായിരുന്നു. ജീവിതം സമ്മാനിച്ച കയ്പ്പുനീര് കുടിച്ചവരുടെ വടുക്കളുടെ തഴമ്പിനോടേറ്റുമുട്ടാന്‍ വെമ്പുന്ന കൊഴുപ്പുള്ള ചോരയുടെ രാഷ്ട്രീയമാണ് സിനിമ. മാവോയിസ്റ്റ് വാര്‍ത്തകളുടെ ഉള്‍പ്പെടെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാലത്തോട് ചേര്‍ന്ന് നിന്നാണ് സിനിമ സഞ്ചരിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട മുഴുവന്‍ ജനതയുടേയും ഉള്ളില്‍ ഒരു വന്യതാളമുറങ്ങുന്നുണ്ട്. അതിനെ ഉണര്‍ത്തിവിട്ടാല്‍ അഴരുടെ ഉറഞ്ഞുതുള്ളലില്‍ തകര്‍ന്ന് വീഴാവുന്നതേയുള്ളൂ എന്തുമെന്നും ചിത്രം കാണിച്ച് തരുന്നു.

താരപകിട്ട് മറന്ന് വില്ലനെന്നോ നായകനെന്നോ വ്യത്യാസമില്ലാതെ മത്സരിച്ചഭിനയിച്ച പൃഥ്വിരാജും ബിജുമേനോനും മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. രഞ്ജിത്, അനില്‍ നെടുമങ്ങായ് തരികിട സാബു, ഗൗരീ നന്ദ തുടങ്ങീ താരങ്ങളുടെ പ്രകടനവും നന്നായിരുന്നു. തങ്ങള്‍ക്ക് കിട്ടിയ അവസരങ്ങളിലെല്ലാം കൃത്യമായി സ്‌കോര്‍ ചെയ്ത പുതുമുഖ താരങ്ങള്‍ വിസ്മയിപ്പിച്ചു. ഇനിയുള്ള സിനിമകളില്‍ ഇവരെ പ്രതീക്ഷിക്കാം. ദൃശ്യങ്ങളിലൂടെ ഒരു ജനതയുടെ വേദനയും സംസ്‌കാരവും പ്രേക്ഷകര്‍ക്ക് നല്‍കുന്നതിനുമപ്പുറം ഗോത്ര താളം ഉപയോഗിച്ചുള്ള സംഗീതമൊരുക്കിയ ജേക്‌സ് ബിജോയുടെ പശ്ചാത്തല സംഗീതവും മികച്ചതായിരുന്നു. ആക്ഷന്‍ രംഗങ്ങളും സുദീപ് ഇളമണിന്റെ ക്യാമറയും രഞ്ജന്‍ എബ്രഹാമിന്റെ ചിത്രസംയോജനവും നന്നായിരുന്നു. നിങ്ങള്‍ ഒരാളില്‍ പുറമെ കാണുന്ന വസ്ത്രങ്ങള്‍ക്കപ്പുറം ഒരു ജനതയുടെ വികാരം കൂടെ പേറുന്നുണ്ടെന്ന് അയ്യപ്പനും കോശിയും പറയുന്നു. ഈ വ്യവസ്ഥിതിയും നിയമവുമൊക്കെ ഇതുപോലെ ഇങ്ങനെ തന്നെ മുന്നോട്ട് പോകേണ്ടത് ഒരിയ്ക്കലും തോറ്റ് പോയവരുടെ ആവശ്യമേയല്ല ജയിച്ച് നില്‍ക്കുന്നവരുടെ അനിവാര്യത മാത്രമാണെന്നോര്‍മ്മപ്പെടുത്തിയാണ് ചിത്രം അവസാനിക്കുന്നത്