മതത്തെ തൊട്ടു കളിക്കല്ലേ..വാങ്ക് ട്രെയ്‌ലര്‍ ഇറങ്ങി

അനശ്വര രാജന്‍ നായികയാകുന്ന ‘വാങ്ക്’ എന്ന സിനിമയുടെ ട്രെയ്ലര്‍ എത്തി. ഉണ്ണി ആറിന്റെ ‘വാങ്ക്’ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഇത്. സംവിധായകന്‍ വി കെ പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശ് ആണ് സംവിധാനം. ഉണ്ണി ആറിന്റെ കഥയ്ക്ക് ഷബ്ന മുഹമ്മദ് തിരക്കഥയൊരുക്കിയിരിക്കുന്നു. ചെറുപ്പം മുതല്‍ വാങ്ക് വിളിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന റസിയ എന്ന പെണ്‍കുട്ടിയെയാണ് അനശ്വര അവതരിപ്പിക്കുന്നത്. വിനീത്, നന്ദന വര്‍മ്മ, ഗോപിക തുടങ്ങിയവരാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ ഏറെപ്പേരും.

7ജെ ഫിലിംസിന്റേയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ഛായാഗ്രാഹണം. അനശ്വര രാജന്‍ നായികയാകുന്ന മൂന്നാമത്തെ ചിത്രമാണ് ‘വാങ്ക്’.