മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ ജീവിതം സിനിമയാകുന്നു. മാധ്യമപ്രവര്‍ത്തകന്‍ എന്‍.പി ഉല്ലേഖ് എഴുതിയ ‘ദി അണ്‍ടോള്‍ഡ് വാജ്‌പെയി’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അമാഷ് ഫിലിംസിന്റെ ബാനറില്‍ ശിവ ശര്‍മ്മയും ശീഷാന്‍ അഹമ്മദും ‘ദി അണ്‍ടോള്‍ഡ് വാജ്‌പെയി’ സിനിമയാക്കുന്നതിനുള്ള പകര്‍പ്പാവകാശം നേടിയിട്ടുണ്ട്. ചിത്രത്തില്‍ ആരാകും വാജ്‌പേയ് ആയി അഭിനയിക്കുകയെന്നും ചിത്രത്തെ കുറിച്ചുള്ള മറ്റ് വിശേഷങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. വാജ്‌പെയിയുടെ കുട്ടിക്കാലം, കോളേജ് ജീവിതം, രാഷ്ട്രീയ ജീവിതം, പ്രധാനമന്ത്രിയായിട്ടുള്ള കാലം തുടങ്ങിയവയാണ് ചിത്രത്തില്‍ പ്രതിപാദിക്കുക. 2018 ഓഗസ്റ്റ് 16നായിരുന്നു വാജ്‌പെയി അന്തരിച്ചത്. ദ അണ്‍ടോള്‍ഡ് വാജ്‌പേയി എന്ന പേര് തന്നെയായിരിക്കും സിനിമയ്ക്കും നല്‍കുക.
തിരക്കഥ പൂര്‍ത്തിയായാലുടന്‍ സിനിമയുടെ കാര്യങ്ങളിലേക്ക് കടക്കുമെന്നും സംവിധായകനെയും അഭിനേതാക്കളെയും നിശ്ചയിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇത് തന്റെ സ്വപ്നപദ്ധതികളില്‍ ഒന്നാണെന്നും അറിയപ്പെടാത്ത ഈ ഹീറോയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശിവ ശര്‍മ്മ പ്രതികരിച്ചു. ‘വാജ്‌പേയ് യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അധികമാരും മനസിലാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഈ പുസ്തകം വായിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പ്രത്യേകതകളും പ്രധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ചെയ്തിരുന്ന കാര്യങ്ങളും മനസിലാക്കാന്‍ എനിക്ക് സാധിച്ചു. ഇത്തരത്തില്‍ ആരാലും പറഞ്ഞു കേട്ടിട്ടില്ലാത്ത അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ പ്രത്യേകതകളാണ് അദ്ദേഹത്തെക്കുറിച്ച് സിനിമ എടുക്കാനും അത് വഴി മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കാനും എന്നെ പ്രേരിപ്പിക്കുന്നത്’ എന്നും ശിവ ശര്‍മ്മ വ്യക്തമാക്കി.