മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ ജയറാം? !

പൊന്നിയിന്‍ സെല്‍വന്‍

തന്റെ പുതിയ ചിത്രം പൊന്നിയന്‍ സെല്‍വനുമായി മാസ്റ്റര്‍ ഡയറക്ടര്‍ മണി രത്‌നമെത്തുമ്പോള്‍ ചിത്രത്തില്‍ അണിനിരക്കുന്ന വ്യത്യസ്ഥ താരനിരതന്നെയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം, ജയം രവി, കീര്‍ത്തി സുരേഷ്, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. എന്നാല്‍ മലയാൡളെ ഏവരെയും അതിശയിപ്പിക്കുന്ന വാര്‍ത്ത ചിത്രത്തില്‍ ജനപ്രിയ നടന്‍ ജയറാമും ഒരു വേഷവുമായി എത്തുന്നുവെന്ന സൂചനകളാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ജയറാമുമായി സംസാരിച്ചുവെന്നും അദ്ദേഹം കരാറില്‍ ഒപ്പിട്ടുവെന്നും തമിഴ്മാധ്യമങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം കൂടി നടന്നാല്‍ ജയറാമും മണിരത്‌നവും ആദ്യമായി ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആരാധമാക്കിയാണ് മണിരത്‌നം ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുക്കിയ രജനി ചിത്രം 2.0വിന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സാണ് പൊന്നിയന്‍ സെല്‍വം നിര്‍മ്മിക്കുന്നത്.

പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി 1958ല്‍ എം.ജി.ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. മണിരത്‌നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്‌നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി. മഡോണ സെബാസ്റ്റിനും ചിത്രത്തില്‍ വേഷമിടുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മണിരത്‌നത്തോടൊപ്പമുള്ള ചിത്രം മഡോണ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, സിമ്ബു, ജ്യോതിക, പ്രകാശ് രാജ് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചെക്ക ചിവന്ത വാനമായിരുന്നു മണിരത്‌നത്തിന്റെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രം.