വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് ; അമല പോളിനും ഫഹദിനുമെതിരായ കേസ് അവസാനിപ്പിച്ചു

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ ഫഹദ് ഫാസിലിനും അമലപോളിനുമെതിരായ കേസ് അവസാനിപ്പിച്ചു. കേസ് അവസാനിപ്പിച്ചതായി ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതേസമയം സുരേഷ്‌ഗോപിക്കെതിരായ കേസില്‍ നടപടി തുടരും.

കേസില്‍ ഫഹദ് ഫാസില്‍ പിഴ അടച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ നിന്ന് വാങ്ങിയ വാഹനം അമലപോള്‍ കേരളത്തില്‍ എത്തിച്ചിട്ടില്ല. അതിനാല്‍ തന്നെ അമലപോളിനെതിരെ കേരളത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് പുതുച്ചേരി ഗതാഗത വകുപ്പാണെന്നും പൊലീസ് വ്യക്തമാക്കി. നടപടി ആവശ്യപ്പെട്ട് പുതുച്ചേരി ഗതാഗത വകുപ്പിന് കത്തു നല്‍കിയതായും കോടതിയെ അറിയിച്ചു. പുതുച്ചേരിയിലെ തിലാസപ്പെട്ടില്‍ വാടകയ്ക്കു താമസിച്ചെന്ന വ്യാജരേഖ ഉപയോഗിച്ചാണ് അമല പോള്‍ തന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

കേസില്‍ ഫഹദ് ഫാസില്‍ പിഴ അടച്ചിട്ടുണ്ട്. പക്ഷെ കേസില്‍ സുരേഷ് ഗോപിക്കെതിരായ നിയമ നടപടി തുടരും. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചനാ കുറ്റം എന്നിവയാണ് സുരേഷ് ഗോപിക്കെതിരായ കേസുകള്‍. സുരേഷ്‌ഗോപിയെയും ഫഹദ് ഫാസിലിനെയും നേരത്തേ സമാനകേസില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.