‘വടിവാസല്‍’ ഉടന്‍ തുടങ്ങും

പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകന്‍ വെട്രിമാരന്റെ ഏറ്റവും പുതിയ ചിത്രമാണ് വടി വാസല്‍ . ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത് പ്രേക്ഷകരുടെ പ്രിയ താരം സൂര്യയാണ്. സൂര്യയുടെ വടിവാസലിനെ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് തനു. പ്രഖ്യാപിച്ച പ്രകാരം പദ്ധതി നടക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു, പക്ഷേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല.

എഴുത്തുകാരനായ ചെല്ലപ്പയുടെ നോവലിനെ അടിസ്ഥാനമാക്കി വടിവാസല്‍ വെട്രി മാരന്‍ ഒരുക്കും. ഈ പദ്ധതി സൂര്യയും വെട്രി മാരനും തമ്മിലുള്ള ആദ്യത്തെ സഹകരണത്തെ അടയാളപ്പെടുത്തും. തനുവിന്റെ വി ക്രിയേഷന്‍സ് ബാനറില്‍ പദ്ധതി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം അറിയിച്ചു. ആമസോണ്‍ സ്ട്രീം ചെയ്ത സുധ കൊങ്കാരയുടെ സൂരറൈ പൊട്രുവിലാണ് സൂര്യ അടുത്തിടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിക്കുന്ന ഗൗതം വാസുദേവ് മേനോന്റെ നവരസയിലെ ഷൂട്ടിംഗ് അദ്ദേഹം അടുത്തിടെയാണ് പൂര്‍ത്തിയാക്കിയത്. ഇവ കൂടാതെ സണ്‍ പിക്‌ചേഴ്‌സിന്റെ ചിത്രത്തിലും സൂര്യയുണ്ട്. വെട്രി മാരന്‍ അടുത്ത മാസം ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സൂര്യക്കൊപ്പം ആരായിരിക്കും നായികാവേഷത്തില്‍ എത്തുക എന്നതിനെ ചൊല്ലി ഒട്ടനവധി ചര്‍ച്ചകളും വാര്‍ത്തകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചു കഴിഞ്ഞിട്ടുണ്ട്. ആന്‍ഡ്രിയ ജെര്‍മിയയാണ് സൂര്യയുടെ നായികയായി വെട്രിമാരന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഈ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വെട്രിമാരന്റെ വടാ ചെന്നൈ എന്ന സിനിമയില്‍ ആന്‍ഡ്രിയ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു. വട ചെന്നെ,അസുരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വടിവാസല്‍.ചിത്രത്തിന്റെ പോസ്റ്റര്‍ സൂര്യയുടെ ജന്‍മദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. തമിഴ്‌നാട്ടിലെ കായികവിനോദമായ ജല്ലിക്കെട്ടിനെ ആസ്പദമാക്കിയാണ് സിനിമ.