
നടൻ ജയറാമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി ഉഷ ഹസീന. തന്റെ സഹോദരനും ചലച്ചിത്ര നിർമ്മാതാവുമായ ഹസീബ് ഹനീഫിന് ജയറാമിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത അവഗണനയെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ പരാജയത്തെ തുടർന്ന് സാമ്പത്തികമായി തകരുകയും, സ്ട്രോക്ക് വന്ന് കിടപ്പിലാവുകയും ചെയ്തിട്ടുപോലും ഒപ്പം നിൽക്കുമെന്ന് വാക്ക് തന്ന ജയറാം തന്റെ സഹോദരനെ തിരിഞ്ഞുനോക്കിയില്ലെന്ന് ഉഷ ഹസീന തുറന്നടിച്ചു. മൈ മീഡിയ ഒറിജിനൽസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ജയറാം നൽകിയ വാക്കിന്റെയും ഉറപ്പിന്റെയും പുറത്താണ് ഹസീബ് ഹനീഫ് ‘ഹാപ്പി സർദാർ’ എന്ന ചിത്രം നിർമ്മിക്കാൻ തയ്യാറായത്. കാളിദാസ് ജയറാം നായകനായ ഈ ചിത്രം പരാജയപ്പെട്ടതോടെ ഹസീബിന് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നു. ഇത് പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യത്തെപ്പോലും മോശമായി ബാധിക്കുകയും ഒടുവിൽ സ്ട്രോക്ക് വരാൻ കാരണമാവുകയുമായിരുന്നു. താൻ കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകിയിരുന്ന ജയറാം, ഹസീബിന് ഇത്രയും വലിയൊരു ആരോഗ്യപ്രതിസന്ധി വന്നിട്ടുപോലും ഫോണിൽ വിളിക്കാനോ നേരിട്ടു വന്ന് കാണാനോ കൂട്ടാക്കിയില്ലെന്ന് ഉഷ ഹസീന വേദനയോടെ പങ്കുവെച്ചു. ജയറാം നായകനായ ‘മൈ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ’, കാളിദാസ് ജയറാം നായകനായ ‘ഹാപ്പി സർദാർ’ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് ഹസീബ് ഹനീഫ്.
“ജയറാമിന്റെ ഒരു വാക്കിന്റെ പുറത്താണ് ഹസീബ് ആ സിനിമ നിര്‍മ്മിച്ചത്. ജയറാമിനെ വച്ച് അതിന് തൊട്ടുമുന്‍പ് മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ എന്ന സിനിമ ചെയ്തിട്ടുണ്ടായിരുന്നു. അതും മോശമായിരുന്നു. അതിന് തൊട്ടുപിറകെയാണ് ഹാപ്പി സര്‍ദാര്‍ ചെയ്തത്. പോയ പൈസ പൊക്കൊട്ടെ, ഇത് ചെയ്യരുതെന്ന് ഞങ്ങള്‍ എല്ലാവരും ഹസീബിനോട് പറഞ്ഞതാണ്. ഈ പടം ശരിയാവില്ലെന്ന് പറഞ്ഞതാണ്. ജയറാമേട്ടന് കൊടുത്ത വാക്കാണെന്നാണ് അപ്പോള്‍ ഹസീബ് പറഞ്ഞത്. പഞ്ചാബിലൊക്കെ പോയാണ് ഷൂട്ട് ചെയ്തത്. നമ്മള് മനസില്‍ വിചാരിച്ചത് പോലെ തന്നെ സാമ്പത്തിക നഷ്ടം മാത്രമല്ല, അവന്റെ ആരോഗ്യവും പോവുന്ന ഒരു അവസ്ഥ ഉണ്ടായി. ജയറാം പറഞ്ഞത് താന്‍ കൂടെ ഉണ്ടാവും എന്നായിരുന്നു. അവരെയൊന്നും വിശ്വസിക്കരുത്. നമുക്ക് ഇവരെയൊക്കെ നന്നായിട്ട് അറിയാവുന്നതാണ്.” ഉഷ ഹസീന പറഞ്ഞു.
“ജയറാം എപ്പോഴും വരുമായിരുന്നു. അതിലേ പോയാല്‍ അവിടെ വന്ന് ഭക്ഷണം കഴിക്കാതെ പോവില്ല. ഭയങ്കര സ്നേഹമായിരുന്നു. ആ ആള് ഈ പടം (ഹാപ്പി സര്‍ദാര്‍) ഫ്ലോപ്പ് ആയിട്ട് ഒന്ന് ഫോണ്‍ ചെയ്തുപോലും ചോദിച്ചിട്ടില്ല. അതിന് ശേഷം അവന് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ടായി. അവന് സ്ട്രോക്ക് വന്നു. മരണത്തില്‍ നിന്നാണ് രക്ഷപെട്ട് വന്നത്. അവനുമായിട്ട് ബന്ധമുള്ള എത്രയോ ആള്ക്കാര് ആലപ്പുഴ വഴി പോയാല്‍ അവനെ കാണാതെ പോവില്ല. ജയറാം പക്ഷേ വന്നിട്ടില്ല. കുറേ നാളിന് ശേഷം മകളുടെ കല്യാണ സമയത്തോ മറ്റോ ജയറാം വിളിച്ചു. അപ്പോള്‍ ഹസീബിന്റെ സംസാരം തിരിയുന്നില്ല. എന്ത് പറ്റി ഹസീബേ എന്നൊക്കെ ചോദിച്ചു. വോയ്സ് മെസേജ് ഇടാമെന്ന് പറഞ്ഞു. ഇതുവരെ അറിഞ്ഞിട്ടില്ലെന്നാണ് അന്ന് പറഞ്ഞത്. എത്ര വര്‍ഷം കഴിഞ്ഞു അപ്പോഴത്തേക്ക്. ഞാന്‍ അടുത്തയാഴ്ച അതിലേ വരുന്നുണ്ടെന്ന് പറഞ്ഞതാണ്. ഇന്നുവരെ വന്നിട്ടില്ല. ഒരു സഹായവും ചെയ്തിട്ടില്ല. ആ ഒരൊറ്റ പടം കൊണ്ട് ഹസീബിന് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായി.” ഉഷ ഹസീന കൂട്ടിച്ചേർത്തു.