
ബാറിൽ പോയി പാടിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ കടുത്ത പ്രതികരണവുമായി പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക കണ്ണൂർ സീനത്ത്. തനിക്ക് ബാറിൽ പോയി പാടേണ്ട ഗതികേടില്ലെന്നും, അങ്ങനെ ഒരു അവസ്ഥ വന്നാൽ താൻ മരിക്കുമെന്നും അവർ തുറന്നടിച്ചു. താൻ പട്ടിണി കിടന്നപ്പോഴും നല്ലൊരു വീടോ വസ്ത്രമോ ഇല്ലാതെ കഷ്ടപ്പെട്ടപ്പോഴും ഇത്തരം കാര്യങ്ങൾക്ക് മുതിർന്നിട്ടില്ല. ഇന്ന് ദൈവാനുഗ്രഹത്താൽ കൈനിറയെ പ്രോഗ്രാമുകളും പണവുമുള്ളപ്പോൾ എന്തിനാണ് താൻ അങ്ങനെ ചെയ്യുന്നതെന്നും സീനത്ത് ചോദിക്കുന്നു. ‘ഫൺ വിത്ത് സ്റ്റാർസ്’ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ഗായിക രൂക്ഷമായി പ്രതികരിച്ചത്.
താൻ ഒരു കെണിയിൽ പെടുകയായിരുന്നുവെന്നാണ് സീനത്ത് വ്യക്തമാക്കുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ വേദികളെക്കുറിച്ചോ പബ്ബുകൾ എന്താണെന്നോ തനിക്ക് കൃത്യമായ ധാരണയില്ലെന്നും, ഒരു ഗായിക എന്ന നിലയിൽ പാടാൻ വന്ന്, പാടിയിട്ട് മടങ്ങുക മാത്രമാണ് തന്റെ ജോലിയെന്നും അവർ പറഞ്ഞു. താൻ പങ്കെടുത്ത പരിപാടി നടന്നത് അത്തരമൊരു സ്ഥലത്താണെന്ന് തനിക്ക് ആദ്യത്തെ അനുഭവമായിരുന്നു. തന്നെ അപകീർത്തിപ്പെടുത്താൻ ചിലർ ബോധപൂർവം ശ്രമിക്കുകയായിരുന്നുവെന്നും തനിക്കെതിരെ എഴുതിയുണ്ടാക്കാൻ ഒരാൾ അഞ്ച് ലക്ഷം രൂപ വാങ്ങിയതായി അറിഞ്ഞുവെന്നും സീനത്ത് വെളിപ്പെടുത്തി.
താൻ ബാറിൽ പാടുന്നത് കണ്ടു എന്ന് പറയുന്നവർ ശരിക്കുമുള്ള ‘ഞരമ്പ് രോഗികൾ’ ആണെന്നും തന്നെപ്പോലെയുള്ളവരുടെ പച്ചമാംസം വിറ്റാണ് ഇവർ ജീവിക്കുന്നതെന്നും സീനത്ത് ആഞ്ഞടിച്ചു. താൻ പൊതുസമൂഹത്തിന് മുന്നിൽ പാട്ട് പാടിയാണ് ജീവിക്കുന്നത്. തന്നെ വിമർശിക്കുന്ന വ്യക്തി ബാറിൽ വന്നത് ഇസ്‌ലാം പഠിക്കാനല്ലല്ലോ എന്നും, അയാൾക്ക് അത്ര നിർബന്ധമുണ്ടായിരുന്നെങ്കിൽ അത് ഇങ്ങനത്തെ സ്ഥലമാണെന്ന് തന്നോട് മുൻകൂട്ടി പറയാമായിരുന്നുവെന്നും സീനത്ത് കൂട്ടിച്ചേർത്തു. ഈ വിവാദങ്ങൾക്കിടയിലും ചെന്നൈയിൽ നിന്നും ബോംബെയിൽ നിന്നും ആളുകൾ തന്നെ പരിപാടികൾക്കായി ബുക്ക് ചെയ്യുന്നുണ്ടെന്നും അവർ വ്യക്തമാക്കി.