“പേടിച്ചോടിപ്പോയി വിമർശിച്ചിട്ട് കാര്യമായില്ല; സിനിമ പ്രമോഷന് വേണ്ടി മാത്രമാകരുത് പ്രതികരണം”: പാർവതിക്ക് ഉഷയുടെ മറുപടി

','

' ); } ?>

നടി പാർവതി തിരുവോത്ത് അടുത്തിടെ ‘അമ്മ’ (എ.എം.എം.എ) സംഘടനയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി നടി ഉഷ ഹസീന. സംഘടനയിലെ മുൻ ഭരണസമിതിയുടെ ഗുരുതരമായ വീഴ്ചകളും സ്ത്രീപക്ഷ നിലപാടുകളിലെ ഇരട്ടത്താപ്പും മറച്ചുവെച്ചാണ് പാർവതി സംസാരിക്കുന്നതെന്ന് ഉഷ കുറ്റപ്പെടുത്തി. സംഘടനയോട് വൈകാരികമായി ബന്ധമുള്ള അംഗങ്ങൾ ഉള്ളിൽ നിന്ന് പോരാടുമ്പോൾ, പേടിച്ചോടി പുറത്തുപോയി വിമർശിക്കുന്നതിൽ യാതൊരു കാര്യവുമില്ലെന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഉഷ ഹസീന പറഞ്ഞു.

‘അമ്മ’യിലെ കഴിഞ്ഞ ഭരണസമിതിയിലെ ചിലർ വർഷങ്ങളായി സംഘടനയുടെ ഭരണച്ചുമതലകളിൽ ഇരുന്നവരാണെന്നും ഇക്കാലയളവിൽ നടന്നിട്ടുള്ള അനാസ്ഥകൾ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നതെന്നും ഉഷ ചൂണ്ടിക്കാട്ടി. ഭരണസമിതി അംഗമായിരുന്ന അൻസിബ ഹസൻ തന്നെ സംഘടനയ്ക്കുള്ളിലെ തെറ്റായ രീതികൾക്കെതിരെ പരാതി നൽകിയിരുന്നു. അന്നത്തെ പ്രസിഡന്റ് ശ്വേതാ മേനോന് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അൻസിബയ്ക്ക് പൊലീസിനെയും കോടതിയെയും സമീപിക്കേണ്ടി വന്നത്. ഭരണസമിതിയിലുണ്ടായിരുന്ന വനിതാ ഭാരവാഹികൾ വരുത്തിവെച്ച ഇത്തരം വിഷയങ്ങളെക്കുറിച്ച് പാർവതി എന്തുകൊണ്ടാണ് സംസാരിക്കാത്തതെന്ന് ഉഷ ചോദിക്കുന്നു.

സംഘടനയ്ക്കുള്ളിൽ ഉയർന്ന ‘മെമ്മറി കാർഡ്’ വിവാദത്തിലും ഉഷ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. നിരവധി സ്ത്രീകളുടെ പരാതികളും അനുഭവങ്ങളും അടങ്ങിയ മെമ്മറി കാർഡ് പൂഴ്ത്തിവെക്കുകയും, ആരോപണവിധേയരെ രക്ഷിക്കാൻ വ്യാജ റിപ്പോർട്ടുകൾ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് ഉഷയുടെ വിമർശനം. എക്സിക്യൂട്ടീവ് കമ്മിറ്റിക്കുള്ളിൽ പ്രസിഡന്റും സെക്രട്ടറിയും തമ്മിലുണ്ടായ അധികാര തർക്കങ്ങളും ജീവനക്കാരെയും ട്രഷററെയും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതും സംഘടനയ്ക്ക് നാണക്കേടുണ്ടാക്കി. ഇത്തരം സംഭവങ്ങൾ മറച്ചുവെച്ച്, സ്ത്രീകളാണെന്ന പരിഗണനയിൽ മാത്രം അന്നത്തെ ഭരണസമിതിയെ പിന്തുണയ്ക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.

പാർവതി തിരുവോത്തിന്റെ നിലപാടുകളിലെ ഇരട്ടത്താപ്പും ഉഷ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. മമ്മൂട്ടിയുടെ സിനിമകളിലെ സ്ത്രീവിരുദ്ധത പരസ്യമായി വിമർശിച്ചവർ ഗീതു മോഹൻദാസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മൗനം പാലിക്കുകയാണെന്ന് അവർ ആരോപിച്ചു. ഹേമാ കമ്മീഷന് മുന്നിൽ പരാതി നൽകിയവർ പിന്നീട് നിയമനടപടികളിലേക്ക് പോകാതെ ഒത്തുതീർപ്പിലെത്തിയത് എന്തിനാണെന്നും ഉഷ ചോദിക്കുന്നു. ഒപ്പം, നടൻ രമേഷ് പിഷാരടിയുടെ സൗഹൃദപരമായ സ്വകാര്യ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്തുവിട്ട് അദ്ദേഹത്തെ അപമാനിച്ച നടപടിയെയും അവർ രൂക്ഷമായി വിമർശിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി തങ്ങൾ ‘അമ്മ’ എന്ന സംഘടനയിലെ അംഗങ്ങളാണെന്നും, അംഗങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന ഈ പ്രസ്ഥാനത്തോട് വലിയ വൈകാരിക ബന്ധമുണ്ടെന്നും ഉഷ പറഞ്ഞു. അനീതികൾ കണ്ടാൽ അതിനെതിരെ സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ പോരാടും. സ്വന്തം സിനിമകളുടെ പ്രമോഷന് വേണ്ടി മാത്രം വിഷയങ്ങൾ ഉന്നയിക്കുന്നതും, പേടിച്ചോടി പുറത്തുപോയി വിമർശിക്കുന്നതും ശരിയായ നിലപാടല്ല. വസ്തുതകൾ വ്യക്തമായി പഠിച്ച ശേഷമായിരിക്കണം പാർവതിയെപ്പോലുള്ളവർ സംസാരിക്കേണ്ടതെന്നും ഉഷ ഹസീന കൂട്ടിച്ചേർത്തു.

ഉഷ ഹസീനയുടെ വാക്കുകൾ:

‘‘പാർവതി തിരുവോത്ത് നൽകിയ അഭിമുഖം മുഴുവനും ഞാൻ കണ്ടു. അതിനകത്ത് ഈ കുട്ടി പറയുന്ന ഈ ഒരു വിഷയത്തിൽ എനിക്ക് എതിർപ്പുണ്ട്. ‘അമ്മ’ അസോസിയേഷനുമായി ബന്ധപ്പെട്ട് ഇപ്പോൾ വന്ന ഭരണസമിതി, ആറുമാസമേ അവർക്ക് കൊടുത്തുള്ളൂ എന്ന് പറയുന്നതിൽ തെറ്റാണ്. അതിനോട് യോജിക്കാൻ പറ്റത്തില്ല. 25 വർഷം തിരഞ്ഞെടുപ്പ് പോലുമില്ലാതെ ഭരണസമിതിയിൽ അതിൽ പകുതിവർഷത്തോളം ഇരുന്ന ആൾക്കാരാണ് കുക്കൂ പരമേശ്വരൻ, ശ്വേത മേനോൻ, ജോയ് മാത്യൂ, ടിനി ടോം തുടങ്ങിയവർ. സരയു, അൻസിബ ഒക്കെ ഇതിനുമുമ്പും ഒക്കെ ഇരുന്നിട്ടുള്ളവരാണ്. ഈ ഭരണസമിതി എന്താണ് കാണിച്ചുകൂട്ടിയത്? അത് മാധ്യമങ്ങളിലൂടെയാണ് ഞങ്ങൾ അറിഞ്ഞിട്ടുള്ളത്.

ആ ഭരണസമിതിയിൽ തന്നെയുള്ള അൻസിബയെ പോലുള്ള ഒരു സ്ത്രീയാണ് ആ ഭരണസമിതിയുടെ എല്ലാ കാര്യങ്ങളും തെറ്റാണ് എന്ന് പറയുന്നത്. അവരുടെ രീതി ശരിയല്ല, അവരുടെ പിന്നെ ഇടപെടലുകൾ ശരിയല്ല, ഓരോ കാര്യത്തിനും എടുക്കുന്ന തീരുമാനങ്ങൾ ശരിയല്ല എന്ന് പറഞ്ഞതാരാണ്? ആ ഭരണസമിതിയിലുള്ള അൻസിബയെ പോലുള്ള ഒരു കുട്ടിയാണ്. അല്ലേ? പല പരാതികളും ആ കുട്ടി കൊടുത്തു, ആ കുട്ടിക്കെതിരെ ആ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള ആളുകളും പ്രശ്നങ്ങളുമായി എത്തി. ആ കുട്ടി പ്രസിഡന്റ് ആയ ശ്വേത മേനോന് കൊടുത്ത പരാതിയിൽ ഒരു പരിഹാരവും ലഭിക്കാത്തതുകൊണ്ട് ഇപ്പോഴും പൊലീസ് സ്റ്റേഷനിലും കോടതിയിലുമൊക്കെ ഇപ്പോൾ കയറിയിറങ്ങി നടക്കുകയാണ്. മാത്രമല്ല, ഈ സെക്രട്ടറിയും പ്രസിഡന്റും കൂടെയിരുന്ന് സ്ത്രീകളായിട്ടുള്ള ഭാരവാഹികൾ ഈ പറയുന്ന കാലയളവിൽ എന്തൊക്കെയാ അവിടെ ഉണ്ടാക്കിവച്ചത്? അതൊന്നും ശ്രീമതി പാർവതി തിരുവോത്ത് അറിഞ്ഞിട്ടില്ലേ? അതിനെക്കുറിച്ചൊന്നും അവർക്കൊരു മറുപടിയില്ലേ?

25 വർഷം അവിടെയിരുന്നു ഭരിച്ചിട്ടേ അവരെ ചോദ്യം ചെയ്യാൻ പാടുള്ളൂ എന്നാണോ പറയുന്നത്? എന്തൊക്കെയോ ഈ പറയുന്നത്! ഇതിനോടൊക്കെ എങ്ങനെ യോജിക്കാൻ പറ്റും? അവർ ഇടയ്ക്കിടയ്ക്കിങ്ങനെ വന്നിട്ട് ഓരോന്നു പറഞ്ഞിട്ടുപോകാം. അവരുടെ സിനിമയുടെ പ്രമോഷനാണെങ്കിൽ ആ പ്രമോഷൻ ചെയ്തിട്ട് പോകണം, അത്രയേയുള്ളൂ. അല്ലാതെ ‘അമ്മ’യിലുള്ള ആൾക്കാരെ കുറ്റം പറഞ്ഞുകൊണ്ട് പോകുന്നതാണോ ശരി? അവരുതന്നെ മാറിയെന്നും അവരുതന്നെയാണ് പറയുന്നത്. അവരുടെ ചിന്തകൾ, അവരുടെ തീരുമാനം ശരിയായിരുന്നില്ല എന്ന് ആ അഭിമുഖത്തിൽ അവരുതന്നെ പറയുന്നുണ്ട്. അവർ പറഞ്ഞതിനോട് ഒട്ടും യോജിക്കാൻ പറ്റില്ല.

ഈ ഭരണസമിതി വന്നിട്ട് ആദ്യം പറഞ്ഞത് എന്താണ്? അതിജീവിത ഉൾപ്പെടെയുള്ളവരെ തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു, രാജിവച്ചു പുറത്തുപോയവരെ തിരിച്ച് കൊണ്ടുവരുമെന്ന് പറഞ്ഞു , പിറ്റേ ദിവസം ശ്വേതാ മേനോൻ മലക്കം മറിഞ്ഞു. നമ്മളെല്ലാവരും കണ്ടതാണ്. അതിനുശേഷം മെമ്മറി കാർഡ്, ഹേമാ കമ്മീഷൻ പ്രശ്നങ്ങൾ വന്നു. കുക്കു പരമേശ്വരനും ഉൾപ്പെട്ട ഒരു മെമ്മറി കാർഡിന്റെ പ്രശ്നം അറിയാമല്ലോ. ആ മെമ്മറി കാർഡ് ഇവർ ഒളിച്ചുവച്ചു. അന്നത്തെ അമ്മയുടെ ഇന്റേർണൽ കമ്മിറ്റിയിൽ ഉണ്ടായിരുന്നവരാണ് കുക്കു പരമേശ്വരനും ശ്വേതാ മേനോനുമൊക്കെ. ഞങ്ങൾ പറഞ്ഞ പരാതി പൂഴ്ത്തി. കഴിഞ്ഞ പ്രാവശ്യം കുക്കു മത്സരിക്കുമ്പോൾ ഞങ്ങൾ പരാതി പറഞ്ഞതാണ്, കുക്കു ആ സ്ഥാനത്തിന് അർഹയല്ല, ക്രിമിനൽ കുറ്റമാണ് അവർ ചെയ്തിരിക്കുന്നത്, ഞങ്ങൾ ഇത്രയും സ്ത്രീകളുടെ മെമ്മറി കാർഡിന്റെ ഇഷ്യൂ അവർക്ക് പരിഹരിച്ചു തരാതെ അവരത് ഒളിച്ചുവച്ചു, ക്രിമിനൽ നടപടിയാണ് സ്വീകരിച്ചത്. ഞങ്ങൾ ആ പരാതി പറഞ്ഞപ്പോഴേക്കും ഇവരെല്ലാവരും കൂടെ അവരെ സപ്പോർട്ട് ചെയ്തു. ശ്വേതാ മേനോൻ ഉൾപ്പെടെയുള്ളവർ കുക്കു പരമേശ്വരനെ സപ്പോർട്ട് ചെയ്ത് ജയിച്ചു.

ജയിച്ചു വന്നതിനുശേഷം, കുക്കു പരമേശ്വരനെ രക്ഷിക്കാൻ വേണ്ടി ശ്വേതാ മേനോൻ ഒരു കള്ള റിപ്പോർട്ടുണ്ടാക്കി. ഞങ്ങൾ പൊലീസിനോട് കൊടുത്ത പരാതി അവിടെ തീർപ്പാക്കാതെ വപ്പിച്ചിട്ട്, കുക്കു പരമേശ്വരനെക്കൊണ്ട് ഞങ്ങൾക്കെതിരെ പരാതി കൊടുപ്പിച്ചു. ഞങ്ങൾ, ഞങ്ങളാണ് വാദികൾ. ആ വാദികൾക്കെതിരെ പരാതി കൊടുപ്പിച്ചു. ആ പരാതി അവിടെ കിടക്കുകയാണ്. ‘അമ്മ’യെ കോടതി കയറ്റേണ്ട എന്ന് വിചാരിച്ചിട്ടാണ് ഞങ്ങൾ മിണ്ടാതെ ഇരുന്നത്. ‘അമ്മ’ പരിഹാരം ഉണ്ടാക്കി തരാമെന്ന് പറഞ്ഞിട്ട്, ഈ ശ്വേതാ മേനോനും ടീമും ഒരു കമ്മീഷൻ വച്ച് കുക്കുവിനെ രക്ഷിക്കാനുള്ള ഒരു കള്ള റിപ്പോർട്ടുണ്ടാക്കി കെ.പി.എ.സി. ലളിതയുടെ തലയ്ക്കാക്കി ഇട്ടു. കള്ള റിപ്പോർട്ടുണ്ടാക്കാൻ ശ്വേത കൂട്ടുനിന്നു. ഇതൊക്കെയാണോ ഈ ഭരണപക്ഷം, സ്ത്രീപക്ഷ ഭരണസമിതി എന്ന് പറഞ്ഞിട്ട് സ്ത്രീകൾക്കെതിരെയാണ് പ്രവർത്തിച്ചത്. ഇതൊന്നും പാർവതി തിരുവോത്ത് അറിഞ്ഞിട്ടില്ലേ?

ഇതൊക്കെ ഇവർ ചെയ്തത് അവർ അറിയേണ്ടേ? അത് ശരിയാണെന്നാണോ പറയുന്നത്? കുക്കു പരമേശ്വരനെ രക്ഷിക്കുന്ന ഒരു റിപ്പോർട്ട് ശ്വേതാ മേനോനും കുക്കു പരമേശ്വരനും അടയും ചക്കരയുമായിട്ട് നിന്നു. അതുകഴിഞ്ഞപ്പോൾ കുക്കു പരമേശ്വരൻ ശ്വേതാ മേനോന് എതിരെ തിരിഞ്ഞു. സെക്രട്ടറിക്ക് ആണ് പവർ കൂടുതൽ എന്ന്, പ്രസിഡന്റിന് പവറില്ല എന്ന് പറഞ്ഞ് ശ്വേതാ മേനോനു പ്രശ്നം. ഓരോ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും സെക്രട്ടറിയും പ്രസിഡന്റും തമ്മിൽ കസേരകളിയായിരുന്നു അവിടെ. കസേരകളി എന്നാൽ അടിക്കാൻ വരെ കസേര വലിച്ചിട്ടുണ്ട്.

ഇത് ആ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള ജോയ് മാത്യുവിനെ പോലുള്ള മുതിർന്ന ആൾക്കാർ പുറത്തിറങ്ങി പറഞ്ഞതാണ്. അതിനുശേഷം നടന്നത് അവിടുത്തെ മാനേജർ പെൺകുട്ടിയെ പുറത്താക്കി. അവർക്കെതിരെ കള്ളക്കഥയുണ്ടാക്കി, ഞങ്ങൾ തിരഞ്ഞെടുത്ത ഒരു ട്രഷറർ ഉണ്ടായിരുന്നു അവനെയും കൂട്ടി അവിഹിതം പറഞ്ഞു ശ്വേതാ മേനോനും ടീമും. അവിടെയൊരു സെക്യൂരിറ്റി ഉണ്ടായിരുന്നു എവിടെയാണ് അയാൾ ഇപ്പോൾ?

എന്തെല്ലാം കള്ളക്കഥകളും നാറുന്ന കഥകളും വന്നു! അൻസിബയുടെ കേസ്, ഒരു നീതി കൊടുത്തോ ആ കുട്ടിക്ക്? ഒരു മേശയ്ക്ക് ചുറ്റും ഒരു പത്ത് പേര് സ്ത്രീകൾ വിളിച്ചിരുത്തി പരാതി പറയുന്നത്, “അത് ഞങ്ങളുടെ ജോലിയല്ല” എന്ന് പറഞ്ഞ് ഒഴിഞ്ഞ കമ്മറ്റി, ഭരണസമിതിയാണ്. ഈ 10 മാസം അവർ ഇരുന്നപ്പോൾ ചെയ്തുകൂട്ടിയ കാര്യങ്ങളാണ് ഇതൊക്കെ. നാണക്കേടുണ്ടാക്കുന്ന കഥകൾ, അതൊന്നും പാർവതി തിരുവോത്തിന് പറയാൻ നാവില്ല. അതെന്താ പറയാത്തത്? മമ്മൂക്കയുടെ സിനിമയെക്കുറിച്ച് സ്ത്രീവിരുദ്ധത സിനിമയാണെന്ന് പറഞ്ഞവർ എന്തുകൊണ്ട് ഗീതു മോഹൻദാസിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല? അപ്പോൾ ഇരട്ടത്താപ്പാണ് അവർക്ക്.

ഞങ്ങളുമൊക്കെ ഇവരെപ്പോലെ തന്നെ ‘അമ്മ’യുടെ നീതികേടിനെക്കുറിച്ച് സംസാരിക്കുന്ന, ശബ്ദമുയർത്തുന്ന ആൾക്കാരാണ്. ഞങ്ങൾക്കൊക്കെ നഷ്ടങ്ങൾ വന്നിട്ടുണ്ട്. ഞങ്ങളുമൊക്കെ അത് സഹിച്ചു കൊണ്ടുതന്നെയാണ് അവിടെ നിന്ന് ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നത്. അത് സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഞങ്ങൾ പറയും. സ്ത്രീകൾ വന്നു എന്ന് പറഞ്ഞ് അവർ കാണിക്കുന്ന തോന്ന്യവാസങ്ങളൊക്കെ സ്ത്രീകളല്ലേ, അതുകൊണ്ട് അവർക്ക് സപ്പോർട്ട് ചെയ്തേക്കാം എന്ന് വിചാരിക്കുന്നത് ശരിയാണോ? പുരുഷന്മാർ തെറ്റ് കാണിക്കുന്നതുപോലെ തന്നെ സ്ത്രീകൾ കാണിച്ചാലും അതുതന്നെ. അവർ 25 വർഷം കൊണ്ട് കാണിച്ചത് ഇവർ 6 മാസം കൊണ്ട് കാണിച്ചു കഴിഞ്ഞല്ലോ! ഇനി 60 വർഷം കൊടുക്കണമെന്നോ അല്ലെങ്കിൽ 25 വർഷം കൊടുക്കണമെന്നോ ആണോ? എന്തായിരിക്കും ഈ സംഘടനയുടെ അവസ്ഥ? ഈ ഭരണസമിതി, ഈ സ്ത്രീകൾ 25 വർഷം കൂടെ കൊടുത്തു കഴിഞ്ഞാൽ എന്തായിരിക്കും? ഉണ്ടാവുമോ ഈ സംഘടന? ഒരു രണ്ടുവർഷം കൂടെ കൊടുത്താൽ കാണില്ലല്ലോ ഈ സംഘടന.

അതുപോലെതന്നെ 25 വർഷം ഭരിച്ച ആരാണ് സ്ത്രീകളുടെ ഭരണസമിതിയെ കുറ്റം പറഞ്ഞത്? കുറ്റപ്പെടുത്തിയത്? ആരും കുറ്റപ്പെടുത്തിയില്ല. അവിടെ, ആ ഭരണസമിതിയിലുള്ള സ്ത്രീയായിട്ടുള്ള അൻസിബ ഹസനാണ് ആ കമ്മിറ്റിയെക്കുറിച്ചുള്ള കുറ്റങ്ങളും ആ കമ്മിറ്റിയുടെ രീതി ശരിയല്ലെന്നും പുറംലോകത്തിനോട് പറയുന്നത്. പുറംലോകം അറിയുന്നത് അങ്ങനെയാണ്. അംഗങ്ങൾ അറിയുന്നത് അങ്ങനെയാണ്. അല്ലാതെ ഒരാൾ പോലും ഇവര്‍ ഈ പറയുന്ന പവർ ഗ്രൂപ്പിലുള്ള ആൾക്കാരോ അതല്ലെങ്കിൽ പിന്നെ 25 വർഷം തിരഞ്ഞെടുപ്പ് പോലുമില്ലാതെ ഭരിച്ചു എന്ന് പറഞ്ഞ ആൾക്കാരോ ആരും ഈ ഭരണസമിതിയെ ഒരുവിധത്തിലും ഇന്റർഫിയർ ചെയ്യാൻ ചെന്നിട്ടില്ല.

പിന്നെ കണക്ക് ശരിയല്ല എന്ന് കാണുമ്പോഴത്തേക്ക് ചോദിക്കണ്ടേ? ജനറൽ ബോഡി ചോദിക്കത്തില്ലേ? അത്തരം ചോദ്യങ്ങൾ മാത്രമേയുള്ളൂ. ആ ചോദ്യങ്ങൾ ചോദിച്ചവരാരും ഭരണസമിതിയിലേക്ക് ഇനി വരാൻ തയ്യാറുള്ള ആൾക്കാരുമല്ല, അവർക്ക് ആർക്കും താല്പര്യവുമില്ല വരാൻ. എന്ന് വെച്ചിട്ട് അവരെക്കുറിച്ചും അവരുടെ പേരും പറഞ്ഞ് ഇവര്‍ ഇരിക്കുന്നത്, എല്ലാ തോന്നിയവാസവും കാണിച്ചിട്ട്. അതൊന്നും അംഗീകരിച്ചു കൊടുക്കാൻ പറ്റത്തില്ല.

അതൊക്കെ പാർവതി തിരുവോത്ത് നല്ലോണം ആലോചിക്കണം. ഒരു കാര്യത്തെക്കുറിച്ച് നമ്മൾ പറയുമ്പോൾ അതിന്റെ സത്യാവസ്ഥ, അതിന്റെ കാര്യങ്ങളെല്ലാം പഠിച്ചിട്ട് വേണം വന്ന് പറയാൻ. അല്ലാതെ ചുമ്മാ ഇഷ്ടം പോലെ അങ്ങ് വന്നിരുന്ന് പറഞ്ഞേക്കരുത്. അവർ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്? എല്ലാ കാര്യത്തെക്കുറിച്ചും അവർ നല്ല ബോധവതിയാണല്ലോ. എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. അവരുടെ ചില നിലപാടുകളോട് എനിക്ക് യോജിപ്പാണുള്ളത്. അവർ നല്ലൊരു ആക്ട്രസ് ആണ്, അതൊന്നും നമ്മൾ അംഗീകരിക്കാതിരിക്കുന്നില്ല. ഈ സോഷ്യൽ മീഡിയ, ന്യൂസ് ചാനൽ, ‘അമ്മ’യിൽ നടന്ന കാര്യങ്ങളും ഒക്കെ ഏറ്റവും നന്നായിട്ട് ശ്രദ്ധിക്കുന്ന ആളാണ് ഇവർ. അപ്പോൾ അവർ ഇത്രയും കാര്യങ്ങൾ മൂടിവച്ചിട്ട്, സ്ത്രീകളായതുകൊണ്ട് അവർക്ക് സപ്പോർട്ട് ചെയ്യുക എന്ന് പറയുന്നത് ഒട്ടും ന്യായീകരിക്കാൻ പറ്റില്ല.

പിന്നെ രമേഷ് പിഷാരടിയുടെ വോയ്സ് പുറത്തു വിട്ടത് ഈ സ്ത്രീയല്ലേ? അതൊക്കെ ഒരു മനുഷ്യനോട് ചെയ്യാവുന്ന കാര്യമാണോ? സൗഹൃദത്തിന്റെ പേരിൽ സംസാരിച്ച വോയ്സ്, വാട്സ്ആപ്പ് കോൾ വോയ്സ് മറ്റൊരു ഫോൺ വെച്ച് റെക്കോർഡ് ചെയ്തിട്ട് സൗഹൃദപരമായിട്ട് പറഞ്ഞ കാര്യങ്ങൾ പുറത്തുവിട്ടു. സംഘടനാപരമായിട്ട് പറഞ്ഞത് പുറത്തു വിട്ടിരുന്നെങ്കിലും കുഴപ്പമില്ല, സൗഹൃദപരമായിട്ട് പറഞ്ഞത് പുറത്തുവിട്ടത് നികൃഷ്ടമായ കാര്യമാണ്. എത്ര നീചമായ കാര്യമാണ് അവർ ചെയ്തത്!

സംഘടനയ്ക്ക് അഭിമാനമാണ് പിഷാരടി. എംഎൽഎ ആയി ജയിച്ചു വന്നു, അല്ലേ? നമുക്ക് എന്തുമാത്രം അഭിമാനമുള്ളതാണ്! നമ്മുടെ സംഘടനയ്ക്കും, ഞങ്ങൾക്ക് വ്യക്തിപരമായിട്ട് എല്ലാവർക്കും അഭിമാനമുള്ളതാണ്. ഒരു ഗുണത്തിനും ദോഷത്തിനും ഇല്ലാത്ത ഒരു പാവം പയ്യനല്ലേ? അവനെ തലയിൽ കൊണ്ട് വച്ചു കൊടുത്തതാണ് എല്ലാവരും കൂടെ, ജഗദീഷേട്ടൻ താൽക്കാലിക അധ്യക്ഷനായിട്ട് തിരഞ്ഞെടുത്ത് ജനറൽ ബോഡി തിരഞ്ഞെടുത്തപ്പോൾ അദ്ദേഹത്തിന്റെ തലയിൽ കൊണ്ട് വച്ചു കൊടുത്തതേയുള്ളൂ. ആ പയ്യനെക്കുറിച്ചാണ് ഇത്രയും വോയ്സ് ക്ലിപ്പ് പുറത്തുവിട്ട് ഇവർ നാറ്റിച്ചത്. ഇപ്പോൾ പാലക്കാട് കോഴിയുടെ തലയും വച്ച് ഫ്ലക്സ് കത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഭയങ്കര നീചമായ പ്രവർത്തിയല്ലേ? ഇവരെയൊക്കെ അംഗീകരിക്കണമെന്നാണോ ഇവർ പറയുന്നത്? ഇതാണോ ഇവർ പഠിച്ചത്? ആറു മാസം കൊടുത്തിട്ട് ആരാണ് ഇവരെ വിമർശിച്ചത്? ഞങ്ങൾ ആരും വിമർശിച്ചില്ലല്ലോ. ഭരണസമിതിക്കകത്തുനിന്നു തന്നെയാണ് ഈ പൊട്ടിത്തെറിയും പ്രശ്നങ്ങളും ഒക്കെ ഉണ്ടായത്. ഇതൊക്കെ അറിയണ്ടേ? അറിയാതെ ചുമ്മാ കേറിയിരുന്ന് എന്തെങ്കിലും പറയരുത്. അവരുടെ പടത്തിന്റെ പ്രമോഷന് വന്നാൽ പ്രമോഷൻ ചെയ്യണം. അറിയാത്ത കാര്യം എന്തിന് സംസാരിക്കുന്നു ഇവർ?

ഇവർ വലിയ വർത്തമാനം പറയുമ്പോൾ ഇവര്‍ ഹേമ കമ്മിറ്റിയിൽ പോയി കുറെ ആരോപണങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ. എന്നിട്ട് എന്തുകൊണ്ടാണ് ഇവര് അവർക്കെതിരെ നടപടിയെടുക്കാൻ നിൽക്കാഞ്ഞത്? എന്തിനാ ഇവര്‍ കോംപ്രമൈസ് ചെയ്തു പോയത്? ഇവരല്ലേ ചിലരെ ഒക്കെ കുറിച്ച് എന്തൊക്കെയോ പരാതികളൊക്കെ പറഞ്ഞിട്ടുള്ളത്? ഡബ്ല്യുസിസിയിലെ കുറെ പെണ്ണുങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നല്ലോ പരാതികൾ, എന്നിട്ട് എന്തേ നടപടിയെടുക്കാഞ്ഞത്? അവര് പിന്നെ കേസിന് പോവാതിരുന്നത് എന്താ? കോംപ്രമൈസ് ചെയ്തു പോയ കാര്യം എന്താണ്?

മെമ്മറി കാർഡിന്റെ വിഷയത്തിൽ ഞങ്ങൾ പിന്നോട്ട് പോകാൻ ഒരിക്കലും തയാറല്ല. ഞങ്ങൾ മുൻപോട്ട് തന്നെ പോകും, കോടതിയിൽ തന്നെ പോകും. പുതിയ ഭരണസമിതി വരട്ടെ എന്ന് വിചാരിച്ചിരിക്കുകയാണ്. എന്താണ് അതിന്റെ ഒരു തീരുമാനം ഉണ്ടാവട്ടെ എന്ന് വിചാരിച്ചിരിക്കുകയാണ്. അല്ലാതെ ഇവരെപ്പോലെ കുറെ പേരെ പേടിപ്പിച്ചു നിർത്താനൊന്നുമല്ല. പേടിപ്പിച്ച് അവരുടെ പേരും പറഞ്ഞ് ഇവരുടെ പേരും പറഞ്ഞ് ഭയത്തിന്റെ മുൻമുനയിൽ നിർത്താനൊന്നും ഞങ്ങൾ തയാറല്ല. ഓരോ വ്യക്തികളിൽ നിന്ന് ഞങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പറഞ്ഞിരിക്കുന്നത് ആ മെമ്മറി കാർഡിൽ കൃത്യമായി റെക്കോർഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾ മുൻപോട്ട് പോകും, പക്ഷേ ഇവര്‍ പോകത്തില്ല. ഇവർക്ക് ഇങ്ങനെ പേടിപ്പിച്ചു നിർത്താനേ അറിയത്തുള്ളൂ. വലിയ വലിയ വർത്തമാനം പറയാനും, പകുതി ഇംഗ്ലിഷും പകുതി മലയാളവും പറയാനേ അറിയത്തുള്ളൂ.

‘അമ്മ’ എന്ന് പറയുന്ന സംഘടനയിൽ 31 വർഷമായി, 32-ാമത്തെ വർഷമാണിത്. ഈ 32 വർഷം മെമ്പറായിരുന്ന, ആൾക്കാരാണ് ഞങ്ങളെപ്പോലുള്ള കുറച്ചുപേർ. ഇവരൊക്കെ എന്നാണ് ‘അമ്മ’യിൽ വന്നത്? അവര് വന്നിട്ടേ 20 വർഷമേ ആയിട്ടുള്ളൂ. അതിൽ ‘അമ്മ’യിൽ ഉണ്ടായിരുന്നത് എത്ര വർഷം? മൂന്നോ നാലോ വർഷമാണ് ഇവര്‍ ‘അമ്മ’യിൽ അംഗമായിട്ട് ഇരുന്നിട്ടുള്ളത്. ഞങ്ങൾക്ക് ‘അമ്മ’ എന്ന് പറയുന്ന സംഘടന, ഒരുപാട് നല്ല കാര്യങ്ങൾ അംഗങ്ങളുടെ വെൽഫെയറിന് വേണ്ടി ചെയ്യുന്ന ഒരു സംഘടനയാണ്, അത് നിലനിൽക്കണമെന്ന് ആഗ്രഹമുള്ള ആൾക്കാരാണ് ഞങ്ങളൊക്കെ. ഞങ്ങൾക്ക് വൈകാരികമായി, ഇമോഷനൽ ആയിട്ട് ഒരുപാട് ബന്ധം ഉണ്ട് ആ സംഘടനയോട്. അത്രയും ഇഷ്ടമുണ്ട്. അപ്പോൾ അത് ആ സംഘടനയെക്കുറിച്ച് ഓരോ പ്ലാറ്റ്‌ഫോമിൽ വന്നിരുന്നിട്ട് അങ്ങനെയൊക്കെ പറയുന്നത് ഒന്നും നമുക്ക് അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റത്തില്ല.

ഇവരൊക്കെ രണ്ടോ മൂന്നോ വർഷം, മൂന്നോ നാലോ വർഷം ഇരുന്നിട്ടുണ്ടാവാം. ഞങ്ങൾ അവിടെ നിന്നുകൊണ്ട് ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. അനീതി കണ്ടാൽ നമ്മളും സംസാരിക്കുമല്ലോ. അതിന്റെ നഷ്ടങ്ങളൊക്കെ നമ്മൾ അവിടെ നിന്നുകൊണ്ട് നേരിടാൻ തയാറാണ്. അല്ലാതെ പേടിച്ചോടി പുറത്തുപോയിട്ട് വിമർശിച്ചുകൊണ്ട് നടക്കുന്നത് അല്ല അത്ര വലിയ ക്വാളിറ്റിയായിട്ടൊന്നും എനിക്ക് തോന്നുന്നില്ല. അവരോടുള്ള എല്ലാ ഇഷ്ടവും വച്ചുകൊണ്ടുതന്നെയാണ് പറയുന്നത്.’’–ഉഷയുടെ വാക്കുകൾ.