
നിത്യ മേനോനെ നായികയാക്കി സംവിധായകൻ ഡി കെ ഒരുക്കുന്ന പുതിയ ഫാന്റസി ഡാർക്ക് കോമഡി ചിത്രവുമായി ലിയോ വിഷൻ. താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 5’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലിയോ വിഷന്റെ അഞ്ചാമത് നിർമ്മാണ സംരംഭമാണ്. നിർമ്മാതാവ് വി. എസ്. രാജ്കുമാറിന്റെ നേതൃത്വത്തിൽ ഉള്ള ലിയോ വിഷൻ, നിത്യ മേനോന്റെ ഉടമസ്ഥതയിലുള്ള കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിലൂടെ നിത്യ മേനോൻ ചിത്രത്തിന്റെ സഹനിർമ്മാതാവായും എത്തുന്നു. പ്രശസ്ത സംവിധായകൻ വിക്രം കെ. കുമാർ ആണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.
ഫാന്റസി ഡാർക്ക് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിത്യ മേനോനാണ് നായിക. എ. ശക്തിവേൽ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, റിച്ചാർഡ് കെവിൻ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ലിയോ വിഷൻ, കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, നിത്യ മേനോൻ, ഡി കെ, വിക്രം കെ. കുമാർ എന്നിവർ ഒന്നിക്കുന്ന ഈ കൂട്ടുകെട്ട് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിലൂടെ പ്രേക്ഷകർക്ക് വേറിട്ടൊരു തിയറ്റർ അനുഭവം സമ്മാനിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. പാൻ-ഇന്ത്യൻ തിയറ്റർ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ചിത്രത്തിന്റെ ഔദ്യോഗിക പേര്, മറ്റ് താരങ്ങൾ, അണിയറപ്രവർത്തകർ എന്നിവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പിആർഒ : ശബരി