
അന്തരിച്ച പ്രശസ്ത നടി സിൽക്ക് സ്മിത തനിക്ക് മൂത്ത സഹോദരിയെപ്പോലെയായിരുന്നുവെന്നും, സിനിമാരംഗത്ത് അത്രയും മികച്ച കോസ്റ്റ്യൂം സെൻസുള്ള മറ്റൊരു വ്യക്തിയെ താൻ കണ്ടിട്ടില്ലെന്നും നടി ഉർവശി. തൻ്റെ പുതിയ ചിത്രമായ ‘ആശ’യുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് അന്തരിച്ച നടിയുമായുള്ള ഊഷ്മളമായ സൗഹൃദ ഓർമകൾ ഉർവശി പങ്കുവെച്ചത്.
അക്കാലത്ത് ഗ്ലാമറസ് കഥാപാത്രങ്ങൾ ചെയ്യുന്ന നടിമാരെ സിനിമാലോകവും സമൂഹവും വേറിട്ടൊരു കണ്ണോടെയാണ് കണ്ടിരുന്നതെന്നും, അതുകൊണ്ടുതന്നെ സെറ്റുകളിൽ സിൽക്ക് സ്മിത ആരോടും അധികം സംസാരിക്കാതെ മാറിനിൽക്കുകയായിരുന്നു പതിവെന്നും ഉർവശി ഓർത്തെടുത്തു. അമിത മേക്കപ്പുകളുടെ കാലഘട്ടമായിരുന്നിട്ട് കൂടി സ്മിതയുടെ കളർ സെൻസും മേക്കപ്പും ഏറെ മുന്നിലായിരുന്നു. ഏത് തരം വസ്ത്രങ്ങൾ ധരിച്ചാലും അത് സ്മിതയിൽ ഒരിക്കലും വൾഗറായി തോന്നിപ്പിച്ചിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
തന്നെ വലിയ രീതിയിൽ ഇഷ്ടപ്പെട്ടിരുന്ന സ്മിത തനിക്ക് വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ വലിയ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന കാര്യവും ഉർവശി വെളിപ്പെടുത്തി. നല്ല ശരീരപ്രകൃതിയുള്ള ഉർവശിക്ക് താൻ കോസ്റ്റ്യൂം ചെയ്തു തരാമെന്ന് സ്മിത അവസാനകാലം വരെ പറയുമായിരുന്നു. എന്നാൽ അന്ന് അത്തരം ഡിസൈനിംഗ് ശൈലികൾ അപൂർവമായിരുന്നതിനാലും ചോദിക്കാനുള്ള പേടി കാരണവും താൻ അതിന് മുതിർന്നില്ലെന്ന് ഉർവശി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ സ്മിത തനിക്ക് നൽകിയ സഹായങ്ങളും വലിയ പിന്തുണയായിരുന്നുവെന്ന് ഉർവശി വ്യക്തമാക്കി.
ഉർവശിയുടെ വാക്കുകൾ
“തീർച്ചയായും സിൽക്ക് സ്മിത എന്നെ സഹായിച്ചിട്ടുണ്ട്. സ്മിത എന്ന് പറയുന്നത് എന്റെയൊരു മൂത്ത സഹോദരിയെപ്പോലെയാണ്. സ്മിത ആരോടും സംസാരിക്കാറില്ല. ദൂരെ മാറി ഒറ്റയ്ക്ക് ഇരിക്കും. കാരണം, അന്ന് ഗ്ലാമറസ് ചെയ്യുന്ന നടിമാർ എന്ന രീതിയിൽ കാറ്റഗറൈസ് ചെയ്യുമായിരുന്നു. നായകനും നായികയുമൊക്കെ തനിയെ ആയിരിക്കും. ഇവർ വരുമ്പോൾ ഇവരെ നോക്കുന്നത് മറ്റൊരു കണ്ണോട് കൂടിയാണ്.
ഇവരുടെ കോസ്റ്റ്യൂംസും അത്തരത്തിലുള്ളതായിരിക്കും. പക്ഷേ ഞാൻ കണ്ടതിൽ ഏറ്റവും കോസ്റ്റ്യൂം സെൻസുള്ള, ഇത്രയും സിനിമയിൽ ഞാൻ കണ്ടതിൽ സ്മിതയുടെ അത്രയും കോസ്റ്റ്യൂം സെൻസുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല. കളർ സെൻസ്, മേക്കപ്പ് സെൻസ്. അന്ന് ഓവർ മേക്കപ്പ് ഉള്ളൊരു സമയമാണ്. പലരും, പ്രത്യേകിച്ച് ഗ്ലാമർ ഡാൻസ് ചെയ്യുന്നവരൊക്കെ കണ്ണിന് മുകളിൽ മിനുക്ക് പണികളൊക്കെ ചെയ്യും.
എന്ത് വേണമെങ്കിലും അവർക്ക് ചെയ്യാമല്ലോ. എന്ത് കോസ്റ്റ്യൂമും സ്മിതയിട്ടാൽ നമുക്ക് വൾഗറായി തോന്നില്ല, എന്ത് കോസ്റ്റ്യൂമും ഇടാൻ പറ്റും. എന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു സ്മിതയ്ക്ക്. ഞാനൊരു പടം കോസ്റ്റ്യൂം ചെയ്ത് തരാം, എന്ത് രസമാ ഉർവശി. ഉർവശിയുടെ നല്ല ഫിസിക്ക് അല്ലേ എന്നൊക്കെ പറയും.
ഞാൻ അവർ തരുന്ന എന്തും എടുത്തിടും. ഭയങ്കര ആഗ്രഹമായിരുന്നു അവസാനം വരെ. പക്ഷേ എനിക്ക് കോസ്റ്റ്യൂം ഡിസൈൻ ചെയ്ത് തരുമോ എന്ന് അവരോട് ചോദിക്കാൻ പേടിയായിരുന്നു. എനിക്ക് കോസ്റ്റ്യൂമറുണ്ട്, അന്ന് ഡിസൈനിങ് പരിപാടിയില്ലല്ലോ. ബോംബയിൽ മാത്രം അപൂർവമായിട്ടുണ്ട്. അങ്ങനെയൊക്കെ പറയുമായിരുന്നു. എന്നെ വലിയ ഇഷ്ടമായിരുന്നു അവർക്ക്”.