
നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്‍റെ മകള്‍ അവന്തിക വിവാഹിതയാകുന്നു. ശ്രാവണ്‍ ശ്രീനിവാസനാണ് വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവാഹ ക്ഷണക്കത്ത് നേരിട്ടെത്തി നൽകുകയും ചെയ്തിട്ടുണ്ട്. കുടുംബ സമേതം ക്ഷണക്കത്ത് നൽകുന്ന ചിത്രങ്ങൾ ഖുശ്‌ബു തന്നെയാണ് പങ്കുവെച്ചത്. വിവാഹത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
“ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയിലെത്തി കണ്ടു. മകള്‍ അവന്തികയും ശ്രാവണും തമ്മിലുള്ള വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും അദ്ദേഹം ഇരുവരെയും ആശിര്‍വദിക്കുകയും ചെയ്തു. തിരക്കിനിടയിലും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ച പ്രധാനമന്ത്രിക്ക് നന്ദി” – ചിത്രങ്ങൾക്കൊപ്പം ഖുശ്ബു കുറിച്ചു.
അമ്മയുടെ പാത പിന്തുടർന്ന് അവന്തികയും സിനിമയിലേക്ക് ചുവടു വെച്ചിട്ടുണ്ട്. മലയാള സിനിമയിലൂടെയാണ് അവന്തികയുടെ ബിഗ് സ്ക്രീനിലേക്കുള്ള അരങ്ങേറ്റം. ആരംഭം എന്ന ചിത്രത്തിലൂടെയാണ് അവന്തികയുടെ സിനിമയിലേക്കുള്ള വരവ്. സരിത, അൽത്താഫ് സലിം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കിടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുജേഷ് ആനി ഈപ്പൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഷ്ട്രീയത്തിനൊപ്പം തന്നെ അഭിനയരംഗത്തും ഖുശ്ബു സജീവമാണ്.