“കല്പന ചേച്ചി മരിച്ചപ്പോൾ മൃതദേഹത്തിനരികെ നിന്ന് ഫോട്ടോ എടുക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. സിദ്ദിഖ് ഒക്കെ പിടിച്ച് വലിച്ചെറിഞ്ഞു”; ഉർവശി

','

' ); } ?>

സെലിബ്രിറ്റികളുടെ വിയോഗങ്ങളിൽ മാധ്യമങ്ങളുടെ അതിരുവിട്ട പെരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി നടി ഉർവശി രംഗത്ത്. വ്യക്തികളുടെ ദുഃഖവും വൈകാരികാവസ്ഥകളും പോലും വ്യാജ വാർത്തകൾക്കും ദൃശ്യങ്ങൾക്കുമായി ചൂഷണം ചെയ്യുന്ന പ്രവണത വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് ഉർവശി വ്യക്തമാക്കി. മൂവി വേൾഡ് മീഡിയ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിയോഗവേളകളിൽ പോലും മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് മനുഷ്യത്വമില്ലാത്ത സമീപനമാണ് ഉണ്ടാകുന്നതെന്ന് ഉർവശി ഓർമപ്പെടുത്തി. സഹോദരിയും നടിയുമായ കൽപ്പനയുടെ മരണസമയത്ത് മൃതദേഹത്തിന് അരികിൽ നിന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചവരെ നടൻ സിദ്ദിഖ് പിടിച്ചു മാറ്റേണ്ടി വന്ന സാഹചര്യം അവർ ഉദാഹരണമായി ചൂണ്ടിക്കാണിച്ചു.

നടൻ ശ്രീനിവാസന്റെ വിയോഗവേളയിൽ അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ചിലർ ചിരിച്ചു തമാശ പറഞ്ഞത് കണ്ട് സഹകരിക്കാനാവാതെ നടൻ നിവിൻ പോളി നോക്കി നിന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായും ഉർവശി പറഞ്ഞു. ആളുകളുടെ ഈ ക്രൂരമായ പെരുമാറ്റം കാണുമ്പോൾ താൻ ഒരു സെലിബ്രിറ്റി ആകേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോകാറുണ്ടെന്നും, മറുപക്ഷത്തുള്ളത് പച്ചയായ മനുഷ്യരാണെന്ന ബോധം പോലും പലർക്കും ഇല്ലാതാകുന്നത് ആശങ്കാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഉർവശിയുടെ വാക്കുകൾ;

“പച്ചയായ മനുഷ്യരല്ലേ ഞങ്ങളൊക്കെ. എല്ലാ വികാരവിചാരങ്ങളും ഞങ്ങൾക്കുമില്ലേ. അതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ബാക്കിയുള്ളവർക്ക് മാത്രമാണ് സ്വന്തം, ഞങ്ങളൊക്കെ എന്തോ കല്ലോ മരമോ ആണെന്ന് ചിന്തിച്ചാൽ എന്ത് ചെയ്യും.

കല്പന ചേച്ചി മരിച്ചപ്പോൾ മൃതദേഹത്തിനരികെ നിന്ന് ഫോട്ടോ എടുക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. സിദ്ദിഖ് ഒക്കെ പിടിച്ച് വലിച്ചെറിഞ്ഞു അവരെ. ശ്രീനിയേട്ടൻ മരിച്ചപ്പോഴും, അദ്ദേഹത്തിന്റെ വീട്ടിൽ ഒരാൾ ചിരിച്ചു തമാശയും പറഞ്ഞിരിക്കുന്നു. ഒരു ലെജൻഡ് ആണ് മരിച്ചിരിക്കുന്നത്. മലയാള സിനിമയുടെ തീരാനഷ്ടമാണ്.

അപ്പോൾ നിവിൻ ക്രൂരമായിട്ട് അയാളെ നോക്കുന്നത് കണ്ടു. എനിക്കപ്പോൾ സമാധാനമായി. ഞാൻ ആയിരുന്നെങ്കിൽ അവിടെക്കിടന്ന് ഒച്ച വച്ചേനേ. ‘എന്താടോ തനിക്ക് സാമാന്യ മര്യാദ വേണ്ടേ’ എന്ന് ചോദിച്ചേനേ. ആ സമയത്തൊക്കെ നമ്മൾ ചിന്തിക്കുന്നത്, ഞാൻ സെലിബ്രിറ്റി ആകണ്ടായിരുന്നു എന്നുള്ളതല്ല, ഈ മനുഷ്യരുടെ ഉള്ളിൽ ഒരു മനുഷ്യനില്ലേ എന്നാണ്.

ഒരാളുടെ കരച്ചിൽ കണ്ടുകൊണ്ടിരിക്കുന്ന ഒരു ക്രൂരതയുണ്ടല്ലോ, അതൊരു സെക്കന്റ് ചിന്തിച്ചില്ലെങ്കിൽ എനിക്കൊരു മനുഷ്യനാകാൻ പറ്റില്ലല്ലോ. അങ്ങനെ തോന്നാറുണ്ട്”.