
നടി ലക്ഷ്മി മേനോനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ബോഡിഷെയ്മിങ് പരാമർശങ്ങൾ. കുറച്ചുകാലമായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന നടിയുടെ പുതിയ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് ശരീരഭാരത്തെക്കുറിച്ചുള്ള അധിക്ഷേപകരമായ കമന്റുകൾ ഉയർന്നത്. തമിഴ് സംഗീതസംവിധായകൻ ഡി. ഇമനും കുടുംബത്തിനുമൊപ്പമുള്ള ലക്ഷ്മി മേനോന്റെ വീഡിയോയാണ് സൈബർ ഇടങ്ങളിൽ ചർച്ചയായത്. നടിയെ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും ശരീരഭാരം അമിതമായി വർധിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് പ്രധാനമായും ട്രോളുകളും പരിഹാസങ്ങളും പ്രചരിക്കുന്നത്.
‘നടിയെ മനസ്സിലാകുന്നില്ല’, ‘തിരിച്ചറിയാൻ സാധിക്കാത്ത വിധം വണ്ണം വച്ചു’ എന്നുതുടങ്ങിയ പരിഹാസകമന്റുകളാണ് ഏറെയും. ‘ഇത് ലക്ഷ്മി മേനോനാണോ വിശ്വസിക്കാൻ കഴിയുന്നില്ല’ തുടങ്ങിയ കമന്റുകളുമുണ്ട്. സമൂഹമാധ്യമങ്ങളിലും നടി അത്രയും സജീവമല്ല.
‘രഘുവിന്റെ സ്വന്തം റസിയ’യിലൂടെ സിനിമയിലെത്തിയ ലക്ഷ്മി മേനോൻ, തമിഴിൽ അരങ്ങേറ്റം കുറിച്ച ‘സുന്ദരപാണ്ഡ്യൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സ്റ്റേറ്റ് അവാർഡ് സ്വന്തമാക്കിയിരുന്നു. തുടർന്ന് ‘കുംകി’, ‘ജിഗർതണ്ട’, അജിത്ത് നായകനായ ‘വേതാളം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം, കുറച്ചുകാലമായി സിനിമയിൽ നിന്നും പൊതുവേദികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. സാമൂഹമാധ്യമങ്ങളിലും അത്ര സജീവമല്ലാത്ത താരത്തിന്റെ പുതിയ രൂപം ചൂണ്ടിക്കാണിച്ചാണ് നിലവിലുള്ള സൈബർ ആക്രമണം.