‘ഒന്നു കൂടെ എടുക്കണോ എന്ന് മമ്മൂക്ക’..’ഉണ്ട’യുടെ മേക്കിംഗ് വീഡിയോ കാണാം..

മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രം ഉണ്ടയുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നു കൂടി എനിക്ക് വേണ്ടി എടുക്കണമെന്ന് വീഡിയോയില്‍ മമ്മൂട്ടി ആവശ്യപ്പെടുന്നതും കാണാം. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. എട്ട് കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഛത്തീസ്ഗഢിലും കര്‍ണാടകയിലും കേരളത്തിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്.

ചിത്രത്തില്‍ ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, സംവിധായകന്‍ രഞ്ജിത്ത് എന്നിവരും വേഷമിടുന്നു. സജിത് പുരുഷനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.