
നടനും തമിഴ് നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് പിന്നാലെ നടി തൃഷയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ സൈബർ ആക്രമണം. വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന ഹർജി പിൻവലിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് തൃഷയെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ അധിക്ഷേപ പ്രചാരണങ്ങൾ ശക്തമായത്.
നേരത്തെ വിജയ്‌യും തൃഷയും തമ്മിൽ പ്രണയത്തിലാണെന്നും ഒന്നിച്ചാണ് താമസിക്കുന്നതെന്നുമുള്ള തരത്തിൽ വ്യാപകമായ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിലെ നടിയുടെ സാന്നിധ്യവും പൊതുയിടങ്ങളിൽ ഇരുവരും ഒന്നിച്ച് എത്തിയതുമെല്ലാം ഇത്തരം പ്രചാരണങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ കുടുംബപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് വിജയ്‌യും ഭാര്യ സംഗീതയും ഒന്നായെന്ന വാർത്തകൾ പുറത്തുവന്നതോടെ തൃഷയെ പരിഹസിച്ചുകൊണ്ട് ഒരുവിഭാഗം ആളുകൾ രംഗത്തെത്തുകയായിരുന്നു.
ഒരു മാസം മുൻപ് വിജയ്‌ക്കൊപ്പം ജന്മദിനം ആഘോഷിച്ച ചിത്രങ്ങൾ തൃഷ പങ്കുവെച്ചതും, അടുത്തിടെ വിജയ് നായകനായ ‘ജന നായകൻ’ സിനിമ കാണാൻ അമ്മ ഉമ കൃഷ്ണനൊപ്പം നടി എത്തിയതുമെല്ലാം ചൂണ്ടിക്കാണിച്ചാണ് സൈബർ ഇടങ്ങളിൽ പരിഹാസങ്ങൾ ഉയരുന്നത്. നടിയുടെ വ്യക്തിപരമായ അക്കൗണ്ടുകളിലും സമാന രീതിയിലുള്ള കമന്റുകൾ നിറയുന്നുണ്ട്.
‘തൃഷ സൈഡ് ആയി’, ‘കുടുംബം ഒന്നായി… തൃഷ പുറത്തായി’, ‘ഒരു മാസം മുൻപല്ലേ വിജയ്‌ക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം തൃഷ പങ്കുവച്ചത്’, ‘പാവം തൃഷ ഇനി എന്ത് ചെയ്യും’- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
അതേസമയം, യാതൊരു അടിസ്ഥാനവുമില്ലാത്ത അഭ്യൂഹങ്ങളുടെ പേരിൽ നടിയെ വേട്ടയാടുന്നതിനെതിരെ ശക്തമായ പിന്തുണയുമായി വിജയ് ആരാധകരും ചലച്ചിത്ര പ്രേമികളും രംഗത്തെത്തിയിട്ടുണ്ട്. തൃഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ക്യാമ്പയിനുകളും സജീവമാണ്. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ തൃഷയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിലേക്ക് നയിച്ച സംഭവ വികാസങ്ങൾക്ക് തൊട്ടുപിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും നടിക്കെതിരായ സൈബർ ആക്രമണം കടുക്കുന്നത്.