
ഓസ്‌ട്രേലിയൻ വിസ ലഭിക്കാത്തതിനെ തുടർന്ന് നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ സിഡ്നിയിൽ നടക്കാനിരുന്ന സ്റ്റേജ് ഷോ മാറ്റിവച്ചു. പരിപാടിയുടെ ടിക്കറ്റെടുത്ത പ്രേക്ഷകരോട് താരം വീഡിയോ സന്ദേശത്തിലൂടെ ക്ഷമാപണം നടത്തി. ഉടൻ തന്നെ മറ്റൊരു തീയതിയിൽ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗായിക കെ.എസ്. ചിത്ര, നടന്മാരായ മനോജ് കെ. ജയൻ, അജു വർഗീസ്, സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസി തുടങ്ങിയ പ്രമുഖ കലാകാരന്മാരെല്ലാം പരിപാടിക്കായി നേരത്തെ തന്നെ സിഡ്നിയിൽ എത്തിച്ചേർന്നിരുന്നു. എന്നാൽ മോഹൻലാലിന് കൃത്യസമയത്ത് വിസ ലഭിക്കാതെ വന്നതോടെ പരിപാടി മാറ്റിവയ്ക്കാൻ സംഘാടകർ നിർബന്ധിതരാവുകയായിരുന്നു. ഓസ്‌ട്രേലിയൻ വിസ നൽകുന്നതിലെ കർശനമായ മാനദണ്ഡങ്ങളോ സാങ്കേതിക തടസ്സങ്ങളോ ആകാം വിസ വൈകാൻ കാരണമെന്നാണ് വിവരങ്ങൾ.
അര നൂറ്റാണ്ടുകാലത്തെ അഭിനയ ജീവിതത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വരുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഈ വർഷം തന്നെ ജർമനി, യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ വിജയകരമായി ഷോകൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച ക്ലറിക്കൽ പിഴവോ സാങ്കേതിക തടസ്സമോ ആകാം ഇതിന് പിന്നിലെന്നും, എന്തുതന്നെയായാലും സംഭവത്തിന്റെ സമ്പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും താരം വ്യക്തമാക്കി. ദൂരദേശങ്ങളിൽ നിന്നുപോലും ഷോ കാണാനെത്തി വിഷമത്തിലായ ആരാധകരോട് അദ്ദേഹം മാപ്പ് അപേക്ഷിച്ചു.
“ഒരു സങ്കടകരമായ അവസ്ഥയിലാണ് ഞാൻ. 50 വർഷത്തോളമായി ഞാൻ സിനിമയിൽ വന്നിട്ട്. ഒരുപക്ഷേ ഏറ്റവും കൂടുതൽ ഷോ ചെയ്ത ഇന്ത്യൻ അഭിനേതാവ് ഞാനാകും. ഈ വർഷം തന്നെ ഞാൻ ജർമനി, യുകെ, അയർലൻഡ് എന്നിവിടങ്ങളിൽ ഷോ ചെയ്തിരുന്നു. മികച്ച ഒരു ആശയവുമായാണ് ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് എത്താൻ ശ്രമിച്ചത്. എന്റെ കൂടെയുള്ളവരെല്ലാം അവിടെയുണ്ട്. പക്ഷേ, എനിക്ക് വിസ കിട്ടിയില്ല. എന്റെ ജീവിതത്തിലെ ആദ്യ സംഭവമാണിത്. ക്ലറിക്കൽ മിസ്റ്റേക്കോ, സാങ്കേതിക പിഴവോ ആകാം. അറിയില്ല. എല്ലാ ഉത്തരവാദിത്തവും ഞാൻ ഏറ്റെടുക്കുന്നു. എന്റെ കുറ്റമായിട്ട് തന്നെ ഞാൻ നിങ്ങളോട് പറയുന്നു. നിങ്ങളോട് ഞാൻ ക്ഷമ പറയുന്നു. എന്ത് പറയണമെന്ന് അറിയില്ല. എത്രയോ ദൂരെ നിന്ന് ഷോ കാണാൻ എത്തിയവരോട് ക്ഷമ ചോദിക്കുന്നു,” മോഹൻലാൽ പറഞ്ഞു.