“കുട്ടികൾ… അകന്നു നിൽക്കുക, മുതുമുത്തച്ഛൻമാരും മുതുമുത്തശ്ശിമാരും സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം കാണുക”; ടോക്സിക് ടീസർ പുറത്തിറങ്ങി

','

' ); } ?>

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ റോക്കിങ് സ്റ്റാർ യാഷ് നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ സിനിമയുടെ ആവേശം കൂട്ടുന്ന പുതിയ ടീസർ പുറത്തിറങ്ങി. ‘ലേഡീസ് & ലേഡീസ്’ എന്ന കൗതുകമുണർത്തുന്ന ടൈറ്റിലോടെയാണ് അണിയറപ്രവർത്തകർ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആദ്യ ഫ്രെയിം മുതൽ തന്നെ തികച്ചും വ്യത്യസ്തവും മാസ്സ് ആയതുമായ ഒരു സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുക എന്ന സൂചന ടീസർ നൽകുന്നുണ്ട്. തികച്ചും രസകരവും എന്നാൽ ഗൗരവമേറിയതുമായ ഒരു മുന്നറിയിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്: “കുട്ടികൾ… അകന്നു നിൽക്കുക. മാതാപിതാക്കൾ… നിങ്ങളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. മുത്തച്ഛൻമാരും മുത്തശ്ശിമാരും… നിങ്ങളുടെ കുട്ടികളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. മുതുമുത്തച്ഛൻമാരും മുതുമുത്തശ്ശിമാരും… സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം കാണുക.”

ചിത്രത്തിലെ വൻ താരനിരയെ പരിചയപ്പെടുത്തുന്നതാണ് ഈ ടീസർ. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്‌മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ തങ്ങളുടെ അതിശക്തമായ സാന്നിധ്യം കൊണ്ട് ഓരോ ഫ്രെയിമും ഗംഭീരമാക്കുന്നുണ്ട്. കഥയിൽ ഏറെ നിർണായകമായ സ്ത്രീ കഥാപാത്രങ്ങളെയാണ് ഇവർ അവതരിപ്പിക്കുന്നതെന്ന സൂചനയും വീഡിയോ തരുന്നു. വളരെ ബോൾഡ് ആയ ലുക്കിൽ നയൻതാര എത്തുമ്പോൾ, ആകർഷകവും നിഗൂഢവുമായ ഭാവത്തിലാണ് കിയാര അദ്വാനി പ്രത്യക്ഷപ്പെടുന്നത്. സ്വതന്ത്രവും ചടുലവുമായ ശൈലിയിൽ താര സുതാരിയയും, തീക്ഷ്‌ണമായ ലുക്കിൽ രുക്‌മിണി വസന്തും, ശ്രദ്ധേയമായ പ്രകടനവുമായി ഹുമ ഖുറേഷിയും ടോക്‌സിക്കിൻ്റെ ലോകത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു. ഒരു സ്ത്രീയുടെ കാഴ്‌ചപ്പാടിൽ കഥ പറയുന്ന പശ്ചാത്തല ശബ്ദം (Voice over) ചിത്രത്തിന്റെ വന്യതയും വിമതസ്വഭാവവും കൂടുതൽ വ്യക്തമാക്കുന്നുണ്ട്.

കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്സിക്’, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ. പ്രൊഡക്ഷൻസും ചേർന്ന് വമ്പൻ ബജറ്റിൽ നിർമിക്കുന്ന ഈ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ സർപ്രൈസുകളുമായി പ്രേക്ഷകരിലേക്ക് എത്തും.