“ഉറക്കമില്ലാത്ത രാത്രികളും കടുത്ത ഉത്കണ്ഠയും”; മൗനം വെടിഞ്ഞ് സംവിധായകനെതിരായ കേസിലെ അതിജീവിത

','

' ); } ?>

മലയാളത്തിലെ പ്രമുഖ സംവിധായകനെതിരായ ലൈംഗികാതിക്രമ കേസിൽ മനസ്സ് തുറന്ന് പരാതി നൽകിയ യുവനടി. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും സങ്കീർണ്ണവുമായ ഒരു ഘട്ടത്തിലൂടെയാണ് താൻ കടന്നുപോയതെന്നും, ഒരു ഘട്ടത്തിൽ എല്ലാം അവസാനിച്ചുവെന്നും സാധാരണ ജീവിതത്തിലേക്ക് ഇനി ഒരിക്കലും മടങ്ങിവരാൻ കഴിയില്ലെന്നും ഭയപ്പെട്ടിരുന്നതായും അവർ വെളിപ്പെടുത്തി. നീണ്ട അഞ്ചുമാസത്തെ നിശബ്‌ദതയ്ക്ക് ശേഷമാണ് അതിജീവിത കാര്യങ്ങൾ തുറന്നു സംസാരിച്ചിരുന്നത്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അതി ജീവിതയുടെ തുറന്നു പറച്ചിൽ

പൂർണ്ണമായും തകർന്നുപോയ നാളുകളിൽ, ഉറക്കമില്ലാത്ത രാത്രികളും കടുത്ത ഉത്കണ്ഠയും ജനക്കൂട്ടത്തെ അഭിമുഖീകരിക്കാനുള്ള പേടിയും തന്നെ വേട്ടയാടിയതായി നടി കുറിച്ചു. കടുത്ത മാനസിക സമ്മർദ്ദം കാരണം ശരീരഭാരം 10 കിലോയോളം വർധിച്ചതായും, മുൻപ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളിൽ പോലും പൂർണ്ണമായി താല്പര്യം നഷ്ടപ്പെട്ടതായും അവർ തുറന്നുപറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള കടുത്ത പോരാട്ടത്തിലൂടെയാണ് താൻ കടന്നുപോയതെന്നും യുവനടി തൻ്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

‘ചില അവസരങ്ങളിൽ എനിക്ക് കരച്ചിൽ നിർത്താൻ ആയില്ല. കണ്ണീരിലാഴ്ന്ന് കിടക്കുമ്പോഴും ഉറക്കെ കരയുമ്പോഴും അതിജീവനത്തിൽ വിശ്വസിക്കുക എന്ന ചിന്തയാണ് കരുത്തായത്. ഈ യാത്ര എന്നെ കൂടുതൽ ശക്തയാക്കാനുള്ളതാണെന്ന് മനസിലാക്കി സാഹചര്യങ്ങൾക്ക് കീഴടങ്ങി. ജീവിതത്തിൽ ആദ്യമായി മറ്റുള്ളവരോട് സഹായം ചോദിക്കാൻ തയ്യാറായി. വീണുപോയ നിമിഷങ്ങളിൽ പ്രിയപ്പെട്ടവർ താങ്ങായി നിന്നു. കുടുംബവും സുഹൃത്തുക്കളും അപ്രതീക്ഷിതമായി കടന്നുവന്ന ചില നല്ല മനുഷ്യരും പിന്തുണ നൽകി.

നിലവിൽ കൂടുതൽ കരുത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് പോകാൻ കഴിയുന്നുണ്ട്. പ്രയാസകാലത്ത് ന്നെ വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്‌ത എല്ലാവർക്കും നന്ദി. ജീവനോടെയിരിക്കാനും സ്വയം സുഖപ്പെടുത്താനുമായി പൂർണമായും ഫോണിൽനിന്നു മറ്റും മാറിനിന്നതിനാൽ പലരുടെയും കോളുകൾക്ക് മറുപടി നൽകാൻ സാധിക്കാത്തതിൽ ചിലരോടൊക്കെയും ക്ഷമ ചോദിക്കുന്നു.

തന്റെ ഈ പോരാട്ടത്തിൽ കൂടെ നിന്നവർക്കും കൂടെ നിൽക്കാതിരുന്നവർക്കും നന്ദി പറയുന്നതായി അതിജീവിത കുറിച്ചു. അനുഭവങ്ങളെല്ലാം തന്നെ കൂടുതൽ ശക്തയാക്കി. ഇനിയുള്ള പോരാട്ടങ്ങളിൽനിന്നും താൻ ഒളിച്ചോടില്ലെന്നും പൂർണ്ണശക്തിയോടെ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് അതിജീവിത തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഷൂട്ടിങ് ലൊക്കേഷനിൽവെച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ അപമര്യാദയായി പെരുമാറി എന്നായിരുന്നു നടിയുടെ പരാതി. എറണാകുളം നോർത്ത് വനിതാ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിൽ സംവിധായകൻ അറസ്റ്റിലായിരുന്നു. ജാമ്യത്തിലുള്ള സംവിധായകൻ്റെ പുതിയ ചിത്രത്തിൻ്റെ റിലീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്‌ചയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ, സംവിധായകനെതിരെ സമാന ആരോപണവുമായി ബംഗാളി നടിയും രംഗത്തെത്തിയിരുന്നു. കേസെടുക്കുന്നതിനുള്ള സമയപരിധി അവസാനിച്ചുവെന്ന് കാണിച്ച് ഹൈക്കോടതി നടിയുടെ പരാതിയിൽ നിയമനടപടികൾ അവസാനിപ്പിക്കുകയായിരുന്നു.