സാഹസിക രംഗത്തിനിടെ തീപിടുത്തം.. നടന്‍ ടൊവീനോയ്ക്ക് പൊള്ളലേറ്റു.

സിനിമയോടുള്ള അഭിനിവേശമാണ് ടൊവീനോ എന്ന നടനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. ഇതിനുദാഹരണമാണ് എടക്കാട് ബറ്റാലിയണ്‍ എന്ന ചിത്രത്തിന് വേണ്ടി താരം നടത്തിയ സാഹസിക പ്രകടനങ്ങള്‍. ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിനായി ടൊവീനോ തന്റെ ദേഹത്ത് തീയുമായി അഭിനയിക്കുന്നനിടെയാണ് താരത്തിന് പൊള്ളലേറ്റത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ സ്വപ്‌നേഷ് കെ. നായര്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പരുക്കേറ്റ ടൊവിനോയ്ക്ക് ഉടന്‍ വൈദ്യസഹായം എത്തിച്ചെന്നും നിസ്സാരമായപരുക്കുകളേ ഉള്ളെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

അതേ സമയം ചിത്രത്തിന്റെ നിര്‍മ്മാതാവ് സാന്ദ്ര തോമസ് ഈ രംഗത്തിന്റെ വീഡിയോ തന്റെ പേജിലൂടെ പങ്കുവച്ചുകൊണ്ട് ടൊവീനോയെ അഭിനന്ദിച്ചു. സിനിമയോടുള്ള അഭിനിവേശത്തില്‍ മറ്റൊന്നിനും ഈ മനുഷ്യനെ തടുക്കാനാകില്ലെന്ന അടിക്കുറിപ്പോടെയാണ് ടൊവീനോ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. സംഘട്ടനരംഗം മുഴുവന്‍ ചെയ്തു തീര്‍ത്തതിനു ശേഷമാണ് ടൊവിനോ പിന്‍വാങ്ങിയത്. രണ്ട് ദിവസങ്ങളിലായി ആക്ഷന്‍ സീക്വന്‍സുകളാണ് ഷൂട്ട് ചെയ്തിരുന്നത്.