കബീര്‍ സിംഗില്‍ സ്ത്രീവിരുദ്ധത, ആരാധകര്‍ ആഘോഷിച്ച അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കിന് രൂക്ഷ വിമര്‍ശനം

വിജയ്‌ദേവരകൊണ്ട അഭിനയിച്ച സൂപ്പര്‍ഹിറ്റ് തെലുങ്ക് ചിത്രം ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ ഹിന്ദി റീമേക്കിന് രൂക്ഷ വിമര്‍ശനം.ഹിന്ദിയിലെത്തിയപ്പോള്‍ ചിത്രത്തില്‍ ഷാഹിദ് കപൂറാണ് അര്‍ജുന്‍ റെഡ്ഡിയായി എത്തിയത്. ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് ബോളിവുഡിലെത്തിയത്. ദക്ഷിണേന്ത്യയിലാകെ ചിത്രത്തിന് ലഭിച്ച സ്വീകാര്യതയായിരുന്നു ഏറെ പ്രതീക്ഷകള്‍ ഉണര്‍ത്താന്‍ കാരണമായത്. എന്നാല്‍, ഹിന്ദിയിലേക്ക് വന്നപ്പോള്‍ അര്‍ജുന്‍ റെഡ്ഡി തികച്ചും സ്ത്രീവിരുദ്ധനായ കഥാപാത്രം ആണെന്നാണ് വിമര്‍ശനം.
മിക്ക സിനിമാ നിരൂപകരും ചിത്രത്തിന് അഞ്ചില്‍ 1.5 റേറ്റിംഗ് മാത്രമാണ് നല്‍കിയത്.

അബദ്ധത്തില്‍ ഗ്ലാസ് കൈയില്‍ നിന്നും വീണ് പൊട്ടുന്ന വേലക്കാരിയെ നായകന്‍ ഓടിക്കുന്നു. കൈയ്യില്‍ കിട്ടിയാല്‍ ആ വേലക്കാരിയെ അര്‍ജുന്‍ റെഡ്ഡി ഇടിച്ചു നിലംപരിശാക്കുമെന്ന് അറിയിക്കുന്നു. ചിത്രത്തിലെ സ്ത്രീകള്‍ കൈയ്യേറ്റം ചെയ്യപ്പെടുന്നു. സമ്മതം ഇല്ലാതെ ചുംബിക്കപ്പെടുന്നു. കത്തിമുനയില്‍ നഗ്‌നയാക്കപ്പെടുന്നു. തെരുവുപട്ടികളെ പോലെ കൈയ്യേറ്റം ചെയ്യപ്പെടുന്നു. കബീര്‍ സിംഗിന്റെ പട്ടി സിനിമയിലെ സ്ത്രീയേക്കാള്‍ നന്നായി പരിഗണിക്കപ്പെടുന്നു എന്നൊക്കെയാണ് ചിത്രത്തിനെതിരെയുള്ള വിമര്‍ശനം.

സന്ദീപ് റെഡ്ഡിയാണ് കബീര്‍ സിംഗ് ഒരുക്കിയിരിക്കുന്നത്. കിയാര അദ്വാനിയാണ് ഷാഹിദിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നത്. വിജയ് ദേവരകൊണ്ടയുടെ ‘അര്‍ജ്ജുന്‍ റെഡ്ഡി’ക്ക് കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, എന്നിവിടങ്ങളിലായി വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. കൂടാതെ ചിത്രം തമിഴിലും റീമേക്ക് ചെയ്തിരുന്നു.